തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കൊറോണ ആണെന്ന് വ്യാജപ്രചരണം. സ്ഥിതിഗുരുതരമാണെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം. തലശേരി സ്വദേശി നൗഷാദ് മാണിക്കോത്തിന്റെ ഫേസ്ബുക്ക് ഐഡിയിൽനിന്നായിരുന്നു ഈ വ്യാജസന്ദേശം.
ഒരു ദുഖവാര്‍ത്തയെന്ന തലക്കെട്ടില്‍, മുല്ലപ്പള്ളിക്ക് കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ടെന്നും ആയുസിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നുമായിരുന്നു പോസ്റ്റ്. കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളി വിവരം അറിയുന്നത്.
നേരത്തേ വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് തന്റെ പേരിൽ ധനസഹായാഭ്യർത്ഥന നടത്തി വ്യാപകമായി പണം തട്ടിപ്പ് നടക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകിയിരുന്നു.
തന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മുഖ്യമന്ത്രിക്കും കേരള പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതായി സഹപ്രവർത്തകരാണ് ശ്രദ്ധയിൽപ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.