കണ്ണൂർ: മേലെചൊവ്വയിൽ വീണ്ടും ഗ്യാസ് ടാങ്കർ ലോറി അപകടം. വാതക ചോർച്ചയില്ല. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. പാചകവാതകവുമായി എറണാകുളത്തേക്ക് പോകുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്.
റോഡിൽ നിന്ന് തെന്നിനീങ്ങിയ ലോറി തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞു. ഫയർഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തി. മേലേചൊവ്വ വഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസവും ഇവിടെ ടാങ്കർ ലോറി മറിഞ്ഞു വാതക ചോർച്ച ഉണ്ടായിരുന്നു. ഫയർ ഫോഴ്സ് മണിക്കൂറുകൾ പരിശ്രമിച്ചാണ് അന്ന് ടാങ്കർ മാറ്റിയത്.
ഇവിടെ നിന്നും ഏതാനും കിലോമീറ്റർ അകലെ ചാലയിലാണ് 2012ൽ ടാങ്കർ ദുരന്തം നടന്നത്. ഓഗസ്റ്റ് 27ന് നടന്ന ആ ദുരന്തത്തിൽ 20 ജീവനുകളാണ് പൊലിഞ്ഞത്. രാത്രി 11 മണിയോടെ മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പാചക വാതകം കയറ്റി വന്ന ബുള്ളറ്റ് ടാങ്കർ ലോറി, കണ്ണൂർ കൂത്തുപറമ്പ് റോഡിലുള്ള ചാല സാധു ജങ്ഷനിൽ ഡിവൈഡറിൽ തട്ടി മറിഞ്ഞാണ് പൊട്ടിത്തെറിച്ചത്. ഉത്രാട നാളിലായിരുന്നു കേരളത്തെ നടുക്കിയ ദുരന്തം.