സംസ്ഥാനത്ത് കടലാക്രമണം ശക്തമായി തുടരുന്നു; മുസോടി കടപ്പുറത്ത് നിന്ന നില്‍പ്പില്‍ വീട് നിലംപൊത്തി

കാസർകോട്: സംസ്ഥാനത്തെ കടലാക്രമണം ശക്തമായി തുടരുന്നതിനിടെ കാസര്‍കോട് മുസോടി കടപ്പുറത്ത് നിന്നനില്‍പ്പില്‍ വീട് നിലംപൊത്തി. തീരത്തോടു ചേര്‍ന്നുള്ള വീടാണ് പൂര്‍ണമായി ഇടിഞ്ഞു വീണത്. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.

പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയിൽ മാത്രം അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറിയതിനെത്തുടര്‍ന്ന് വടക്കൻ ജില്ലകളിൽ കനത്ത മഴയാണ്. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയ കണ്ണൂരും കാസര്‍കോടും ശക്തമായ മഴ തുടരുകയാണ്.