തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരത്തിലേറുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടമില്ലാതെ വിർച്വൽ പ്ലാറ്റ് ഫോമിലൂടെ നടത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ ) കേരള ഘടകം ആവശ്യപ്പെട്ടു.
ജനഹിതമറിഞ്ഞും ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ മുറുകെ പിടിച്ചും ചടങ്ങ് വിർച്വൽ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നത് അത്തരമൊരു നിലപാടിന്റെ നീതീകരണത്തോടൊപ്പം പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം കൂടി ജനങ്ങൾക്ക് നൽകും. ഇക്കാര്യത്തിൽ ഭരണാധികാരികളുടെ സത്വര ശ്രദ്ധ പതിണം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്കുകൾ കൃത്യമായി ഉപയോഗിക്കാതെയുമൊക്കെ പ്രചരണങ്ങളിൽ ഏർപ്പെട്ടതാണ് കൊറോണ രണ്ടാം തരംഗത്തിന്റെ പല കാരണങ്ങളിലൊന്ന് എന്നത് വ്യാപകമായി കേരളം ചർച്ച ചെയ്തതാണ്.
അഭൂതപൂർവമായ കൊറോണ കേസുകളുടെ ബാഹുല്യം കൊണ്ട് വീർപ്പു മുട്ടുമ്പോൾ വൈദ്യശാസ്തവും ഐ എം എ എയും മുമ്പു തന്നെ ആവശ്യപ്പെട്ടതുപോലെ ലോക് ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടാൻ തീരുമാനിച്ച സർക്കാരിനെ അഭിനന്ദിക്കുന്നു. ലോക് ഡൗണിന്റെ ഫലപ്രദമായ വിന്യാസവും കൊറോണ വാക്സിനും സോഷ്യൽ വാക്സിനും മാത്രമാണ് ഈ കടുത്ത വെല്ലുവിളിയെ അതിജീവിക്കുവാൻ നമുക്ക് അവലംബിക്കാവുന്ന ശാസ്ത്രീയ മാർഗ്ഗങ്ങളെന്ന്
ഐ എം എ ഓർമ്മിപ്പിച്ചു.