ലഖ്നോ: ഉത്തർപ്രദേശിൽ 33 വർഷങ്ങൾക്ക് മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ സഹായിച്ച സ്ത്രീക്ക് തടവുശിക്ഷ. ശ്രാവസ്തി നഗരത്തിലാണ് രാംവതി എന്ന സ്ത്രീക്ക് അഞ്ച് വർഷം തടവുശിക്ഷയ്ക്ക് പുറമെ 15000 രൂപ പിഴയും കൂടി വിധിച്ചത്. അഡീഷനൽ സെഷൻസ് ജഡ്ജ് പരമേശ്വർ പ്രസാദ് ആണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.
കോടതി തീർപ്പുകൽപ്പിക്കാത്ത ഏറ്റവും പഴയ കേസുകളിലൊന്നാണിത്. വിചാരണ കാലയളവിൽ കേസിലെ മറ്റു പ്രതികളെല്ലാം മരിച്ചതായും സർക്കാർ കൗൺസൽ കെ.പി. സിങ് പറഞ്ഞു. 1988 ജൂൺ 30 നാണ് കേസിന് ആസ്പദമായ സംഭവം. ജൂൺ30ന് രാത്രിയിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
പിന്നീട് രാംവതിയും പെൺകുട്ടിയുടെ അമ്മയും ചേർന്ന് മൂന്നുപേർക്ക് 12കാരിയെ കൈമാറുകയായിരുന്നു. മുക്കു, പസ്സു, ലഹ്രി എന്നിവർക്കാണ് കൈമാറിയത്. മൂന്നു പേരും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.
സംഭവത്തിൽ മുക്കു, പസ്സു, ലഹ്രി, രാംവതി, പെൺകുട്ടിയുടെ അമ്മ എന്നിവർക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അഞ്ചുപേർക്കെതിരെയും പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. 33 വർഷങ്ങൾക്ക് ശേഷം 2021 ഏപ്രിലിൽ പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കണ്ടെത്തുകയും രാംവതിക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു.