സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികളെത്തിയില്ല; മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചെന്ന് ബിജെപി

കൊച്ചി: ഇസ്രായേലില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരംത്താനം സൗമ്യ സന്തോഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെത്തിയില്ല. സാധാരണ ഭരണകക്ഷി എംഎല്‍എമാരോ, കലക്ടര്‍, തഹസീല്‍ദാര്‍ തുടങ്ങി ഏതെങ്കിലും പ്രതിനിധികള്‍ എത്താറുണ്ട്. എന്നാൽ ഇക്കുറി സർക്കാരിനെ പ്രതിനിധീകരിച്ച് ആരുമുണ്ടായിരുന്നില്ല.

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനു പുറമേ എത്തിയത് മുൻ എംപി കൂടിയായ നിയുക്ത തൃക്കാക്കര എംഎല്‍എ പിടിതോമസാണ്. എന്നാല്‍ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ വരെ എത്തിയിരുന്നു.

സൗമ്യയുടെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാദരവാണ് കാണിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ ചിലരെ ഭയപ്പെടുന്നതായി മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് സന്ദേശത്തില്‍ തിരുത്തല്‍ വരുത്തിയതിലൂടെ വ്യക്തമായതായും അദ്ദേഹം ആരോപിച്ചു.

അതേസമയം വർഷങ്ങൾക്ക് മുൻപ് സൗമ്യയുടെ വിവാഹത്തിൽ പങ്കെടുത്തത് പിടി തോമസ് അനുസ്മരിച്ചു. അന്ന് കണ്ട പുഞ്ചിരിച്ചു നിൽക്കുന്ന സൗമ്യയുടെ മുഖം മനസിലൂടെ കടന്ന് പോയി…
പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ കുടുംബത്തിൽപെട്ട സൗമ്യയുടെ കുടുംബവുമായി നിലനിന്നിരുന്ന ദീർഘ നാളത്തെ ബന്ധവും അടുപ്പവും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.