കൊച്ചി: ലക്ഷദ്വീപില്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി. കൊച്ചി തീരത്തു നിന്നു പോയ ആണ്ടവർ തുണയ് എന്ന ബോട്ടാണ് കനത്ത കാറ്റിൽ മുങ്ങിയത്. തമിഴ്‌നാട്, ഒഡീഷ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍ നടത്തുകയാണ്. മെയ് ഒന്നിന് വൈപ്പിനില്‍ നിന്നും യാത്ര തിരിച്ച ബോട്ടാണ് മുങ്ങിയത്.
തമിഴ്നാട് നാഗപട്ടണം സ്വദേശി മണിവേൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബോട്ടാണ് കനത്ത കാറ്റില്‍ മുങ്ങിയത്. നാഗപട്ടണം, ഒഡീഷ സ്വദേശികളായ നാലുപേര്‍ വീതമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് കോസ്റ്റ്ഗാര്‍ഡ് അറിയിക്കുന്നത്.
ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും തീരസംരക്ഷണ സേന ലക്ഷദ്വീപിലെത്തി തിരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെയോടെയാണ് ബോട്ട് മുങ്ങിയത്. ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറുള്ള തീരത്തോടു ചേര്‍ന്നാണ് അപകടം. ഈ ബോട്ട് അപകടത്തില്‍പ്പെടുന്നത് മറ്റ് രണ്ട് ബോട്ടുകാര്‍ കണ്ടതോടെയാണ് വിവരം പുറത്തുവന്നത്.
കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപ് തീരത്തെത്തിയ മൂന്ന് മല്‍സ്യബന്ധന ബോട്ടുകളില്‍ ഒന്നാണ് മുങ്ങിയത്. ലക്ഷദ്വീപിലെ ബിസ്ര ദ്വീപില്‍ അടുക്കാന്‍ കഴിയാതെവന്ന ബോട്ടുകള്‍ പിന്നീട് കടമത്ത് ദ്വീപിലേക്ക് പോകുംവഴിയാണ് അപകടം. ഇതോടൊപ്പമുണ്ടായിരുന്ന രണ്ടു ബോട്ടുകൾ സുരക്ഷിതമായി ലക്ഷദ്വീപിൽ തീരത്തെത്തിയിട്ടുണ്ട്.
കേരള, തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 850 ബോട്ടുകളെങ്കിലും ഇന്നലെ വരെ കടലിൽ ഉണ്ടായിരുന്നതായാണു വിലയിരുത്തൽ. ഇവയിൽ ഏതൊരു സംസ്ഥാനത്തു നിന്നുള്ള ബോട്ട് തീരത്തേയ്ക്ക് എത്തിയാലും ഷെൽട്ടർ ചെയ്യണമെന്ന് നിർദേശമുണ്ട്. കൊറോണ പരിശോധന നടത്തിയ ശേഷമേ കരയിലേയ്ക്കു പ്രവേശനം അനുവദിക്കൂവെന്നാണ് നിർദ്ദേശം.