ന്യൂഡെല്‍ഹി: കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധയിടങ്ങളില്‍ നിന്നും ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ ഇതേ വിഷയം ഉന്നയിച്ച് ആര്‍എസ്എസും രംഗത്തെത്തി. സര്‍ക്കാര്‍ ഭരണ സംവിധാനങ്ങള്‍ കൊറോണ വ്യാപനം പ്രതിരോധിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തി.
കൊറോണ പകര്‍ച്ച വ്യാധി രാജ്യത്തിന്റെ ആരോഗ്യമേഖലയെ മുഴുവന്‍ തകര്‍ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി. കൊറോണ ഒന്നാം തരംഗത്തിന് ശേഷവും മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും വേണ്ട പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് മോഹന്‍ ഭാഗവതിന്റെ പ്രധാന ആരോപണം,
‘ഞങ്ങള്‍ ഈ അവസ്ഥയെ അഭിമുഖീകരിക്കുന്നു, കാരണം ഇത് സര്‍ക്കാരോ ഭരണകൂടമോ പൊതുജനമോ ആകട്ടെ, ഡോക്ടര്‍മാരുടെ സൂചനകള്‍ അവഗണിച്ച് എല്ലാവരും ആദ്യ തരംഗത്തിനുശേഷം തങ്ങളുടെ കാവല്‍ ഉപേക്ഷിച്ചു, ”ഭഗവത് പറഞ്ഞു.
ശാസ്ത്ര ലോകം ഒന്നടങ്കം മുന്നറിയിപ്പ് നല്‍കിയിട്ടും ആദ്യ തരംഗത്തിന് ശേഷം സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവെച്ചതെന്നും ഭാഗവത് കുറ്റപ്പെടുത്തി. ഇനി മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഉയരുന്നത്. മൂന്നാം തരംഗം ഒറ്റക്കെട്ടായി നേരിടാന്‍ തയ്യാറെടുക്കണമെന്നും ഭാഗവത് പറഞ്ഞു.