ലണ്ടൻ: പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യത്താൽ കൊറോണ വ്യാപനം വർധിക്കുകയോ ഭീഷണിയായി തീരുകയോ ചെയ്താൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.രാജ്യത്ത് നിലവിലുള്ള കൊറോണ നിയന്ത്രണങ്ങൾ തിങ്കളാഴ്ച പിൻവലിക്കാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും മേയ് 21 വരെ ദീർഘിപ്പിച്ചിരിക്കുകയാണ്.
രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ
ബ്രിട്ടനിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും കൊറോണ വാക്സിന്റെ ഇരു ഡോസുകൾക്കുമിടയിലുള്ള ഇടവേള കുറയ്ക്കും. വാക്സിൻ വിതരണം ത്വരിതപ്പെടുത്തുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ രണ്ടാമത്തെ ഡോസ് എടുക്കണമെന്നാണ് പുതിയ നിർദേശം.
രണ്ട് വാക്സിൻ ഡോസുകൾക്കുമിടയിലുള്ള ഇടവേള 12 ആഴ്ചകളായി വർധിപ്പിക്കാമെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്നെങ്കിലും രോഗവ്യാപനം വർധിച്ചേക്കാമെന്ന റിപ്പോർട്ടിനെത്തുടർന്നുള്ള കരുതൽ നടപടിയാണിതെന്ന് ബോറിസ് ജോൺസൺ മാധ്യമങ്ങളോട് വ്യക്തമാക്കി. വൈറസിന്റെ പുതിയ വകഭേദം കോവിഡിനെതിരെയുള്ള ബ്രിട്ടന്റെ പോരാട്ടത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എന്ത് നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും ലണ്ടനിലെ ചില ഭാഗങ്ങളിലും B1.617.2 വകഭേദം വളരെ വേഗത്തിൽ വ്യാപിക്കാൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അധികവ്യാപനം തടയാൻ നിർണായക നടപടി സ്വീകരിച്ചതായും മന്ത്രാലയം പറഞ്ഞു. പുതിയ വകഭേദം മൂലമുള്ള രോഗികളുടെ എണ്ണം 520 ൽ നിന്ന് ഈയാഴ്ച 1,313 ആയി വർധിച്ചതോടെ പ്രദേശിക നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി.
B1.617.2 വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നാണ് വിദഗ്ധരുടെ അനുമാനം. എന്നാൽ ഇതിന്റെ തീവ്രത എത്രത്തോളമാണെന്ന് കൃത്യമായ ധാരണയില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു.