കൊറോണ ഭേദമായവരിലെ ബ്ലാക്ക് ഫംഗസ്; കാരണം സ്റ്റിറോയിഡിന്റെ അമിത ഉപയോഗം: എയിംസ് ഡയറക്ടര്‍

ന്യൂഡെല്‍ഹി: കൊറോണ ഭേദമായവരില്‍ ഗുരുതരമായ ബ്ലാക്ക് ഫംഗസ് എന്ന അറിയപ്പെടുന്ന മ്യൂക്കര്‍മൈക്കോസിസ് വരാനുള്ള പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. പ്രമേഹ ബാധിതരായ കൊറോണ രോഗികള്‍ക്ക് സ്റ്റിറോയ്ഡുകള്‍ നല്‍കുന്നത് ഫംഗസ് ബാധയക്കുള്ള സാധ്യത ഉയര്‍ത്തുന്നതായും
രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗം കര്‍ശനമായി തടയേണ്ടതുണ്ട്. മ്യൂക്കര്‍മൈക്കോസിസ് മുഖത്തെയും നാസികയെയും കണ്ണിനെയും ബാധിക്കാം. അന്ധതയ്ക്കു വരെ അതു കാരണമാവും. തലച്ചോറിനെയും ശ്വാസകോശത്തെയും വൈറസ് ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. കൊറോണ കേസുകള്‍ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എയിംസ് ഡയറക്ടര്‍ ഓര്‍മ്മപ്പെടുത്തി.

കൊറോണ ഭേദായവരില്‍ പലര്‍ക്കും മ്യൂക്കര്‍മൈക്കോസിസ് വ്യാപിക്കുന്നായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഹാരാഷ്ട്രയില്‍ കൊറോണയില്‍ നിന്നും മുക്തി നേടിയവരില്‍ പലര്‍ക്കും രോഗം ബാധിച്ചതായും ഇവരില്‍ 52 പേര്‍ മരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. ആദ്യമായാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.കഴിഞ്ഞദിവസം സംസ്ഥാനത്ത് 1500 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പ് വ്യക്തമാക്കിയിരുന്നു.

തലവേദന, പനി, കണ്ണിനും മുക്കിന് ചുറ്റും ചവുപ്പ് നിറം, വേദന തുടങ്ങിയവാണ് ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷണങ്ങള്‍. തുടക്കത്തിൽ തന്നെയുള്ള ചികിത്സയാണ് അനിവാര്യം. കൊറോണ ഭേദമായവർ തുടർന്നും വൃത്തിയുള്ള അന്തരീക്ഷത്തിൽ കഴിയാൻ ശ്രദ്ധിക്കണം.