ന്യൂഡെൽഹി: കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ വൈറലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെ ഡെൽഹി പോലീസ് ചോദ്യം ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കാണമെന്ന് ചോദ്യം ചെയ്യലിൽ പോലീസ് ആവശ്യപ്പെട്ടു. കോൺഗ്രസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്ര സർക്കാർ രാഷ്ട്രീയമായി പകപോക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പോലീസ് നടപടിയിൽ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ശ്രീനിവാസ് പ്രതികരിച്ചു. ഞങ്ങൾ തെറ്റായിട്ടൊന്നും ചെയ്തില്ല. ഒരു ചെറിയ സഹായം പോലും ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മരുന്നുകൾ അനധികൃതമായി വിതരണം ചെയ്തതായും ദുരിതാശ്വസ പ്രവർത്തനത്തിനുള്ള പണത്തിൻറെ ഉറവിടം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡെൽഹി പോലീസിൻ്റെ ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസിനെ ചോദ്യം ചെയ്തത്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുള്ള ശ്രീനിവാസിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. ഡൽഹിയിലെ എല്ലാ ജില്ലകളിലും ശ്രീനിവാസിൻ്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകരുണ്ട്.
ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സർക്കാർ കാണുന്നത്. അതുകൊണ്ടാണ് ശ്രീനിവാസിനെയും മറ്റു പാർട്ടി പ്രവർത്തകരെയും ചോദ്യം ചെയ്യാൻ മോദിയും അമിത് ഷായും പോലീസിനെ യൂത്ത് കോൺഗ്രസ് ഓഫീസിലേക്ക് അയച്ചതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റിൽ പറഞ്ഞു.