കൊച്ചി: വ്യാജ ലൈംഗിക പീഡന പരാതി നൽകിയെന്ന എയർ ഇന്ത്യ സാറ്റ്സിലെ കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ജയിലിൽ എത്തിയാണ് സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വപ്നയെ 10 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.
എയർ ഇന്ത്യാ ഉദ്യോഗസ്ഥനായ എൽ.എസ്. സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കിയ കേസിൽ സ്വപ്നയും എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതികളാണ്. ഇതേ കേസുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്.
എയര്‍ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതി നൽകിയത്. സ്വർണക്കളളക്കടത്തുകേസിൽ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലിൽ കഴിയുകയാണ് സ്വപ്ന.