കാസർകോട് : ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് പിക്കപ് വാനിൽ ആശുപത്രിയിൽ എത്തിച്ച കൊറോണ രോഗി മരിച്ചു. വെള്ളരിക്കുണ്ട് കൂരാംകോട് സ്വദേശി സാബു വട്ടംതടമാണ് മരിച്ചത്. സാബുവിനെ പിക്കപ്പ് വാനിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രദേശവാസികളിൽ ഓരാളാണ് അധികൃതരുടെ അനാസ്ഥ വെളിവാക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമത്തിൽ ഇട്ടത്. ഫോട്ടോകൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം സാബുവിന്റെ വീട്ടിലേക്ക് മറ്റ് വാഹനങ്ങൾ കടക്കാത്തതിനാലാണ് ആംബുലൻസ് നൽകാതിരുന്നത് എന്നാണ് അധികൃതരുടെ വാദം.
ഇയാളുടെ ഭാര്യയും മകളും കൊറോണ പോസിറ്റീവ് ആണ്. കൊറോണ ബാധയെ തുടർന്ന് സാബു വീട്ടിലാണ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഉച്ചയോടെ സാബുവിന്റെ ആരോഗ്യനില വഷളായതോടെ കുടുംബം ആബുംലൻസിനായി വിളിച്ചു. സാബുവിന്റെ വീട് ഉൾപ്പെട്ട മേഖല കരിന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലായതിനാൽ വെള്ളരിക്കുണ്ടിൽ നിന്നും 108 ആംബുലൻസ് വിട്ട് നൽകാൻ ആകില്ലെന്നായിരുന്നു അധികൃതർ പറഞ്ഞത്.
തുടർന്ന് പിപിഇ കിറ്റ് ധരിച്ച് ബന്ധുക്കൾ പിക്കപ് വാനിൽ കയറ്റി സാബുവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.