അസമിൽ 18 കാട്ടാനകൾ ചെരിഞ്ഞ നിലയിൽ; ഇടിമിന്നലേറ്റതെന്ന് സംശയം

ഗുവാഹത്തി: അസമിലെ അമിലെ നഗോൺ കർബി ജില്ലയിലെ വനത്തിൽ 18 ആനകൾ ചത്തനിലയിൽ. ഇടിമിന്നലേറ്റാകാം ആനകൾ കൂട്ടത്തോടെ ചെരിയാൻ കാരണമെന്നാണ വനംവകുപ്പ് സംശയിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ കാരണം വ്യക്തമാകൂ.

14 ആനകളെ ഒരിടത്തും നാല് ആനകളെ മറ്റൊരിടത്തുമാണ് ചരിഞ്ഞ നിലയിൽ കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ അമിത് സഹായ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അമിത് സഹായ് വ്യക്തമാക്കി. ആനകൾ ചെരിഞ്ഞ സംഭവത്തിൽ അസം വനംവകുപ്പ് മന്ത്രി നടുക്കം രേഖപ്പെടുത്തി. 2017ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ കർണാടക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനമാണ് അസം.

2002ൽ 5,246 ആനകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ 2017ൽ ഇത് 5,719 ആയി വർധിച്ചിരുന്നു. 2013 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 100ലധികം ആനകളാണ് അസ്വാഭാവികമായ രീതിയിൽ ചെരിഞ്ഞതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.