മലിനീകരണമുള്ള അന്തരീക്ഷത്തിൽ കൊറോണ വൈറസിന്റെ തീവ്രതയും ആയുസും കൂടും

ന്യൂഡെൽഹി: കൊറോണ രോഗബാധയ്ക്കിടയാക്കുന്ന വൈറസിന്റെ തീവ്രതയും ആയുസും മലിനീകരണമുള്ള അന്തരീക്ഷത്തിൽ വർധിക്കുമെന്നു നിഗമനം. വായുവിലൂടെ കൊറോണ വൈറസ് പകരാനുള്ള സാധ്യതകളെക്കുറിച്ച് അടുത്തിടെ രാജ്യാന്തര മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പേ‍ാർട്ടിലാണ് ഇതുസംബന്ധിച്ച നീരീക്ഷണങ്ങൾ ഉള്ളത്.

മലിനീകരണം കൂടുതലുളള കാലാവസ്ഥയിൽ കൂടുതൽ സമയം നിലനിൽക്കാൻ കഴിയുന്ന തരത്തിൽ വൈറസ് മാറുന്നതായാണ് സൂചനകൾ. കൊറേ‍ാണാ വൈറസ് വായുവിലൂടെ വ്യാപിക്കുമെന്നു തുടക്കത്തിൽ തന്നെ ചില ശാസ്ത്രജ്ഞന്മാരും ഗവേഷകരും നിരീക്ഷണം നടത്തിയിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല.

അന്തരീക്ഷവായുവിന്റെ ഗുണനിലവാരം അനുസരിച്ചു വൈറസിന്റെ വ്യാപനവും തീവ്രതയും നിലനിൽപ്പും വ്യത്യാസപ്പെടുമെന്നു മലയാളി ഗവേഷകർ കണ്ടെത്തിയ നിഗമനം ഉൾപ്പെടുത്തിയ റിപ്പേ‍ാർട്ട് 2020 ഡിസംബറിൽ രാജ്യാന്തര പരിസ്ഥിതി ജേണലായ എൻവയൺമെന്റൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം ഗവേഷകരും അന്ന് അതു അംഗീകരിക്കാൻ തയാറായിരുന്നില്ല.

പൊടികലർന്ന അന്തരീക്ഷത്തിൽ വ്യക്തിയിൽ നിന്നുളള സ്രവങ്ങളുടെ സഞ്ചാരരീതിയും വേഗത്തിന്റെയും സാധ്യതകൾ ഇവരുടെ റിപ്പേ‍ാർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട് കെ‍ാച്ചി സർവകലാശാല റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി.മനേ‍ാജ്, അന്തരീക്ഷ മലിനീകരണമേഖലയിൽ ഗവേഷകനായ ഡേ‍ാ. എം.കെ.സതീഷ്കുമാർ എന്നിവരുടെ നിഗമനവും നിരീക്ഷണവും ശരിവയ്ക്കുന്നതാണു ലാൻസെറ്റിലെ ഗവേഷണ റിപ്പേ‍ാർട്ട്.

ആഴ്ചകളായി ലേ‍ാക്ഡൗണുള്ള ഡെൽഹിയിൽ രേ‍ാഗം ഗുരുതരമായി വ്യാപിക്കുന്നതിന് അന്തരീക്ഷമലീനീകരണവും ഒരു ഘടകമാണെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ നിരീക്ഷണം. മുംബൈ അടക്കം മലനീകരണം കൂടുതലുള്ള മറ്റു നഗരങ്ങളിലെ വ്യാപനവും ഇതിനേ‍ാട് കൂട്ടിവായിക്കണം.