മുംബൈ: ഇന്ത്യയിൽ വിതരണം ചെയ്യാൻ അനുമതിയില്ലാത്ത മോഡേണ കൊറോണ വൈറസ് വാക്സിൻ ഇന്ത്യയിലെ ഫ്രഞ്ച് എംബസി വാങ്ങി നവി മുംബൈയിലെ ഫ്രഞ്ച് പൗരന്മാർക്കും അവരുടെ ബന്ധുക്കൾക്കും നൽകിയെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. രാജ്യത്ത് കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് എന്നീ വാക്സിനുകൾക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂ.
ഇന്ത്യയിൽ അനുമതിയില്ലാത്ത വാക്സിൻ ഇവിടെയുള്ള ഫ്രഞ്ച് പൗരന്മാർക്കും അവരുടെ ബന്ധുക്കൾക്കും എങ്ങനെ നൽകാനാകുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കേന്ദ്ര സർക്കാരിനോട് ചോദിച്ചു.
ഇന്ത്യയിലെ ഫ്രഞ്ച് എംബസി മോഡേർണ വാക്സിൻ വാങ്ങുകയും മുംബൈ അപ്പോളോ ആശുപത്രിയുടെ സഹായത്തോടെ നവി മുംബൈയിലെ അവരുടെ പൗരന്മാർക്കും ബന്ധുക്കൾക്കും നൽകുകയും ചെയ്തുവെന്ന് നവാബ് മാലിക് ട്വീറ്റ് ചെയ്തു.
ഫ്രഞ്ച് എംബസിക്ക് കഴിയുമെങ്കിൽ ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി വാക്സിൻ വാങ്ങാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും എൻസിപിയുടെ ദേശീയ വക്താവ് കൂടിയായ മാലിക് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാരും ആരോഗ്യമന്ത്രിയും മറുപടി നൽകണമെന്നും മാലിക് ആവശ്യപ്പെട്ടു.