ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 4100 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ മരണനിരക്കും കുത്തനെ ഉയരുകയാണ്. 3.63 ലക്ഷം കൊറോണ രോഗികളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ
കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താൽ ലോകത്തെ പ്രതിദിനരോഗികളിൽ 50 ശതമാനം പേരും ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് 10 ദിവസത്തിനകം മരിച്ചവരിൽ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്. ഇന്ത്യയിൽ കാണപ്പെടുന്ന കൊറോണ വൈറസിന്റെ B 1. 617 എന്ന വകഭേദം അതീവവ്യാപനശേഷിയുള്ളതാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുകയാണ്.
എത്രത്തോളം വ്യാപനശേഷിയുണ്ട് ഈ വൈറസ് വകഭേദത്തിന് എന്നത് ലോകാരോഗ്യസംഘടന പഠിച്ച് വരികയാണ്. അതേസമയം, രാജ്യത്തെ വാക്സീൻ വിതരണത്തിൽ തുല്യതയില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 18-നും 45-നും ഇടയിലെ കുത്തിവയ്പ് 85 ശതമാനവും 7 സംസ്ഥാനങ്ങളിലാണ്. മറ്റ് സംസ്ഥാനങ്ങൾ പലതും 45 വയസ്സിന് താഴെയുള്ളവരുടെ വാക്സീൻ വിതരണം നിർത്തിയിരിക്കുകയാണ്. തുല്യമായതോ രോഗികളുടെ എണ്ണമനുസരിച്ചുള്ള അനുപാതത്തിലോ അല്ല വിവിധ സംസ്ഥാനങ്ങളിലേക്ക് കമ്പനികൾ വാക്സീൻ ഡോസുകൾ എത്തിക്കുന്നതെന്നും ഈ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.
മെയ് 1 മുതലാണ് 18-നും 45-നും വയസ്സിനും മുകളിലുള്ളവരുടെ വാക്സീനേഷൻ കേന്ദ്രസർക്കാർ തുടങ്ങാൻ വിവിധ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. ഇതോടനുബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ 50-50 ഫോർമുലയുള്ള വാക്സീൻ നയം വിവാദമാവുകയും ചെയ്തിരുന്നു. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭാരത് ബയോടെക്കിൽ നിന്നും വാക്സീൻ 50 ശതമാനം കേന്ദ്രസർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും, മറ്റ് 50 ശതമാനം സംസ്ഥാനങ്ങൾ സ്വമേധയാ വാങ്ങണമെന്നുമായിരുന്നു നയത്തിലെ നിർദേശം.