Home National നല്‍കാന്‍ വാക്‌സിന്‍ ഇല്ലാതെ വാക്‌സിന്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഡയലര്‍ ട്യൂണ്‍ എന്തിനെന്ന് ഡെല്‍ഹി ഹൈക്കോടതി

നല്‍കാന്‍ വാക്‌സിന്‍ ഇല്ലാതെ വാക്‌സിന്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഡയലര്‍ ട്യൂണ്‍ എന്തിനെന്ന് ഡെല്‍ഹി ഹൈക്കോടതി

0

ന്യൂഡെല്‍ഹി: ജനങ്ങള്‍ക്ക് ആവശ്യത്തിന് വാക്‌സിന്‍ കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലും വാക്‌സിന്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഡയലര്‍ ട്യൂണ്‍ എന്തിനെന്ന് ഡെല്‍ഹി ഹൈക്കോടതി. വാക്‌സിന്‍ എടുക്കാന്‍ പറയുന്നത് എത്ര കാലം തുടരുമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. വാക്‌സിന്‍ ക്ഷാമം നേരിടുമ്പോഴും ഇത്തരമൊരു നിര്‍ദ്ദേശം ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നത് അങ്ങേയറ്റം അരോചകമാണെന്നും കോടതി വിമര്‍ശിച്ചു.

നിങ്ങള്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക്സിന്‍ എടുക്കൂ എന്ന്. വാക്സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്സിന്‍ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്.

എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണം. ഇനി നിങ്ങള്‍ പണം ഈടാക്കിയാണെങ്കില്‍ പോലും വാക്സിന്‍ ലഭ്യമാക്കണം. കൊറോണ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടരെ കേള്‍പ്പിക്കുന്നതിനു പകരം കൂടുതല്‍ സന്ദേശങ്ങള്‍ തയ്യാറാക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെയും സിലിണ്ടറുകളുടെയും ഉപയോഗം, വാക്സിനേഷന്‍ എന്നിവയെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്ന പരിപാടികള്‍ അവതാരകരെ ഉപയോഗിച്ച് തയ്യാറാക്കി എല്ലാ ടെലിവിഷന്‍ ചാനലിലും സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ആരാഞ്ഞു.

കൈ കഴുകുന്നതും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ബോധവത്ക്കരണ പരിപാടികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു. ഇത്തവണ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ഉപയോഗം തുടങ്ങിയവയെ കുറിച്ച് വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയുമുള്ള ബോധവത്കരണം നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here