കൊച്ചി: യുവനടിയെ മൃഗീയമായി ഉപദ്രവിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ തിരിച്ചറിയാതെ പോലീസ്. ഇതോടെ പ്രതിയാകട്ടെ മുങ്ങി. പൾസർ സുനിയുടെ സംഘത്തിൽപെട്ട കണ്ണൂർ സ്വദേശി പ്രദീപ് ആണ് ടിപ്പർ മോഷണക്കേസിൽ പിടിയിലാകും മുമ്പ് മുങ്ങിയത്. പ്രതി പൾസർ സുനിയുടെ കൂട്ടാളിയായ പ്രദീപാണെന്ന് പോലീസ് അറിഞ്ഞുമില്ല.
ചേരാനെല്ലൂർ സിഗ്നൽ ജങ്ഷനിൽ നിന്ന് ടിപ്പർലോറി മോഷ്ടിച്ച സംഘത്തിലെ ഇനിയും പിടികൂടിയിട്ടില്ലാത്ത പ്രദീപ് നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പോലീസിന് പോലും അറിയില്ല. വാഹനമോഷണക്കേസിൽ മൂന്നാം പ്രതിയാണ് പ്രദീപ്. നടിയെ ആക്രമിച്ച കേസിൽ ആറാം പ്രതിയും.
നടിയെ ആക്രമിച്ച ശേഷവും പ്രദീപ് ഇത്തരത്തിൽ മുങ്ങിയിരുന്നു. അന്ന് കോയമ്പത്തൂരിൽ നിന്നുമാണ് പ്രദീപിനെ പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ട വടിവാൾ സലിമിനൊപ്പമാണ് അന്ന് പ്രദീപ് പിടിയിലായത്.
വാഹനമോഷണക്കേസിൽ പ്രദീപിനെ കൂടാതെ ഇടപ്പള്ളി പോണേക്കര സ്വദേശി മുഹമ്മദ് ബിലാൽ (25), ആലുവ യു.സി. കോളേജിന് സമീപം താമസിക്കുന്ന അരുൺ റെജി (19), വാഴക്കാല സ്വദേശി പ്രവീൺകുമാർ (39), കുസാറ്റിന് സമീപം താമസിക്കുന്ന മനു (29), ആലുവ തുരുത്ത് സ്വദേശി റിഷാദ് (30) എന്നിവരാണ് മറ്റു പ്രതികൾ.
മണൽക്കടത്ത് സംഘത്തിലുള്ള റിഷാദിന് ബുക്കും പേപ്പറും ഇല്ലാതെ ടിപ്പർ ലോറി ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ്, ഇയാളുടെ സുഹൃത്ത് മനുവിന്റെ നേതൃത്വത്തിൽ മോഷണം ആസൂത്രണം ചെയ്തതെന്ന് ചേരാനെല്ലൂർ പോലീസ് അറിയിച്ചു.
ബിലാലും സംഘവും ചേർന്ന്, റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ കള്ളത്താക്കോൽ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്തെ് എടുക്കുകയായിരുന്നു. പിന്നീടിത് റിഷാദിന് വിറ്റു.
സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നമ്പര്‍ പ്ലേറ്റടക്കം പെയിന്റടിച്ച് മറച്ച നിലയിൽ ലോറി ആലുവ ഭാഗത്തുനിന്ന് കണ്ടെത്തുകയും ചെയ്തു.