നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി കാട്ടാനകള്‍

മലപ്പുറം: മമ്പാട് കൂളിക്കൽ അങ്ങാടിക്ക് സമീപം നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി കാട്ടാനകള്‍. ഒരു ബൈക്ക് തകര്‍ത്തു. ഒടുവില്‍ ആര്‍ആര്‍ടി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ സംഘടിച്ചാണ് ആനകള തിരിച്ചയച്ചത്.

രാവിലെയാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിനടുത്തെത്തിയത്. ആനകളെ തിരിച്ച് കാട്ടിലേക്ക് അയക്കാൻ രാവിലെ 12 മണിയോടെ ശ്രമം തുടങ്ങി. എന്നാല്‍ ആനകള്‍ പിന്തിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം കഠിന പ്രയത്നത്തിലൂടെ രണ്ട് മണിയോടെ ആനകളെ ചാലിയാര്‍ പുഴ കടത്തി.

എന്നാല്‍ ആനകൾ ഇടക്കിടെ പിൻതിരിയാൻ ശ്രമിച്ചത് പ്രദേശത്ത് ഭീതി പരത്തി. ഇന്നലെ നിലമ്പൂർ അരുവിക്കോട് ഭാഗത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചിരുന്നു. സോളാർ വൈദ്യുതി വേലിക്ക് മറുഭാഗത്ത് കൂടിയാണ് കാട്ടാനകളിറങ്ങിയത്.

റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചും, കൂക്കിവിളിച്ചുമാണ് ആനകളെ ഓടിച്ചത് ആനകളെ ഓടിക്കുന്നത് കാണാൻ ജനം തടിച്ച് കൂടുകയും ചെയ്തിരുന്നു. ലോക്ഡൗണില്‍ വാഹനങ്ങള്‍ കുറഞ്ഞതും കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാന്‍ കാരണമായി.