ലഖ്നോ: ഉത്തർപ്രദേശിലും ബിഹാറിലും ഗംഗാ നദിയിൽ നൂറോളം മൃതദേഹങ്ങൾ കണ്ടെത്തിയെന്ന വാർത്ത വന്നതിനു പിന്നാലെ മധ്യപ്രദേശിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. പന്ന ജില്ലയിലുള്ള റുഞ്ജ് നദിയിലൂടെ പത്തോളം മൃതദേഹങ്ങൾ ഒഴുകുന്നതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നന്ദപുര ഗ്രാമത്തിൽ മാത്രം ആറു മൃതദേഹങ്ങളാണ് പുഴയിൽ ഒഴുകി നടക്കുന്നത്. ഇവിടെ കുളിക്കാനും കുടിക്കാനുമുൾപെടെ ജനം ഉപയോഗിക്കുന്നത് ഈ പുഴയിലെ വെള്ളമാണ്. ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടികളൊന്നുമില്ലായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു.
അതേ സമയം, ചില മൃതദേഹങ്ങൾ ആചാരങ്ങളുടെ ഭാഗമായി പുഴയിലൊഴുക്കിയതാണെന്ന് പന്ന ജില്ലാ കളക്ടർ സഞ്ജയ് മിശ്ര അറിയിച്ചു. ഇവ കണ്ടെടുത്ത് സംസ്കരിച്ചിട്ടുണ്ട്.
ഉത്തർ പ്രദേശിലും ബിഹാറിലും മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നൂറിലേറെ മൃതദേഹങ്ങളാണ് ഇരു സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന ഗംഗയിൽ കണ്ടെത്തിയത്. ബിഹാറിന്റെ ബക്സറിൽ 71ഉം ഉത്തർ പ്രദേശിലെ ഗഹ്മറിൽ 50 ലേറെയും മൃതദേഹങ്ങൾ കണ്ടെത്തി. പലരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. നാട്ടുകാർ ഏറെ ഭയക്കുന്ന കൊറോണ മരണമാണെന്നും സ്ഥിരീകരിക്കാനായിട്ടില്ല. ബക്സറിലെത്തിയ മൃതദേഹങ്ങൾ ഉത്തർ പ്രദേശിലെ ഗാസിപൂരിൽനിന്നുള്ളതാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.