വൈകാതെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ജനസംഖ്യശാസ്​ത്രജ്ഞൻ

ന്യൂഡെൽഹി: വരുന്ന ഏതാനും വർഷത്തിനകം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് കണക്കുകൾ. അതായത് നിലവിലെ സ്ഥിതിയിൽ മുന്നോട്ട്​ പോവുകയാണെങ്കിൽ 2025ന്​ മുമ്പ്​ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും. ഇന്ത്യയുടെ ജനനനിരക്ക്​ 2.3 ശതമാനമാണ്​. ഇതു വച്ച് നോക്കുമ്പോൾ 2023 അല്ലെങ്കിൽ 2024ൽ ഇന്ത്യ ജനസംഖ്യയിൽ ചൈനയെ മറികടക്കുമെന്ന്​ ജനസംഖ്യശാസ്​ത്രജ്ഞൻ യാഫു പറഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 72 മില്യണാണ്​ ചൈനയിലെ ജനസംഖ്യ വർധനവ്​. പ്രതിവർഷ വളർച്ച നിരക്ക്​ 0.53 ശതമാനമാണ്​. 0.57 ശതമാനത്തിൽ നിന്ന്​ വളർച്ച നിരക്ക്​ കുറയുകയാണ്​ ചെയ്​തത്​. നിലവിൽ ചൈനയുടെ ജനസംഖ്യ 1.41 ബില്യണാണ്​.

1953ന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ്​ ചൈനയുടെ ജനസംഖ്യ വർധനവ്​. ജനസംഖ്യ വളർച്ചാ നിരക്ക്​ കുറഞ്ഞതിനെ തുടർന്ന്​ 2016ൽ ഒറ്റ കുട്ടി നയത്തിൽ ചൈന മാറ്റം വരുത്തിയിരുന്നു. 1970കൾ മുതൽ നടപ്പാക്കുന്ന കടുത്ത ജനസംഖ്യ നിയന്ത്രണ നയങ്ങളാണ്​ ജനസംഖ്യ വളർച്ചാനിരക്കിനെ പിടിച്ച്​ നിർത്തുന്നത്​.

ഇതോടൊപ്പം ചൈനയിലെ പ്രായമായവരുടെ എണ്ണം വർധിക്കുകയാണെന്ന്​ ​രാജ്യത്തി​ൻ്റെ സെൻസസ്​​ റിപ്പോർട്ടുകളിൽ നിന്ന്​ വ്യക്​തമാകും. 2010മായി താരതമ്യം ചെയ്യു​മ്പോൾ തൊഴിലെടുക്കുന്നവരുടെ എണ്ണവും കുറയുകയാണ്​. ഇതും ചൈനക്ക്​ കടുത്ത പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​.