തിരുവനന്തപുരം: ആൻറിജൻ ടെസ്റ്റിൽ നെഗറ്റീവായാൽ രോഗം സംശയിക്കുന്നവർക്ക് മാത്രം ആർടിപിസിആർ നടത്തിയാൽ മതിയെന്ന് സംസ്ഥാന സർക്കാർ. ആർടിപിസിആർ റിസൾട്ട് വൈകുന്നെന്ന പരാതിയുണ്ട്. മികച്ച ഫലം കിട്ടുന്ന ആൻറിജൻ കിറ്റ് ലഭ്യമാണ്. ഐസിഎംആറിൻ്റെ പുതിയ മാർഗനിർദേശം ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ട്രെയിനിൽ സംസ്ഥാനത്തേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ ഫലം കരുതണം. ആശുപത്രികൾ എമർജൻസി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം. അതിതീവ്ര മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ കെഎസ്ഇബിക്കും നിർദ്ദേശം നൽകി. ഓക്സിജൻ ഉൽപാദന ശേഷി വർധിപ്പിക്കാൻ നിർദേശിച്ചു.
ഓക്സിജൻ ഓഡിറ്റ് ഫയർ ഫോഴ്സ് നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആശുപത്രികളിൽ തീപിടിത്തം ഒഴിവാക്കാൻ നിർദേശം നൽകി. പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ട് അപ്പുകൾ വഴി നിർമ്മിക്കാനാവും. കെൽട്രോണിനെകൊണ്ട് സാങ്കേതിക കാര്യം നിർമ്മിക്കാൻ നിർദ്ദേശിച്ചു. കിടക്കയുടെ 85 ശതമാനം ഉപയോഗിച്ച് കഴിയുമ്പോൾ പെട്ടെന്ന് കൂടുതൽ കിടക്കകൾ ഉറപ്പാക്കണം. അതിന് ജില്ലാ ഭരണകൂടം ശ്രദ്ധിക്കണം.