ഫരീദ്കോട്ട്: പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് ലഭിച്ച 80 വെൻറിലേറ്ററുകളിൽ 71ഉം തകരാറിലെന്ന് ഡോക്ടർമാർ. ഗുരു ഗോവിന്ദ് സിങ് മെഡിക്കൽ കോളേജിലേക്കെത്തിയ വെൻറിലേറ്ററുകളെക്കുറിച്ചാണ് പരാതി നിലനിൽക്കുന്നത്.
യന്ത്രങ്ങളുടെ ഗുണനിലവാരം ഗണ്യമായി കുറവാണെന്ന് ബാബാ ഫരീദ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ ഡോ. രാജ് ബഹാദൂർ പറഞ്ഞു.’തകരാർ പരിഹരിക്കുന്ന ഒരു ടീമില്ലാതെ ഇവ പ്രവർത്തിപ്പിക്കാനാവില്ല’-അദ്ദേഹം കൂട്ടിച്ചേർത്തു. അറ്റകുറ്റപ്പണികൾക്കായി എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കാൻ പഞ്ചാബ് ചീഫ് സെക്രട്ടറി അനുമതി നൽകിയിട്ടുണ്ട്.
ലഭിച്ച വെൻറിലേറ്ററുകളിൽ ഭൂരിഭാഗവും തകരാറിലായതായും മറ്റുള്ളവ കൃത്യമായല്ല പ്രവർത്തിക്കുന്നതെന്നും മെഡിക്കൽ കോളേജ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. പി.എം കെയേഴ്സ് വെൻറിലേറ്ററുകൾ നിലവാരമില്ലാത്തതാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രിയിൽ നേരത്തേ 39 വെൻറിലേറ്ററുകൾ ഉണ്ടായിരുന്നു, അതിൽ രണ്ടെണ്ണം പ്രവർത്തനരഹിതമായിരുന്നു. നിലവിൽ 310 ഓളം കൊറോണ രോഗികളെ പ്രവേശിപ്പിച്ചതിനാൽ സ്ഥിതി ആശങ്കാജനകമാണ്.
കേന്ദ്രം അയച്ച വെൻറിലേറ്ററുകളെ വിശ്വസിക്കാനാവില്ലെന്ന് ആശുപത്രിയിലെ അനസ്തെറ്റിസ്റ്റുകളും തീവ്രപരിചരണ ഡോക്ടർമാരും പറയുന്നു. ഓരോ രോഗിയുടെയും ഓക്സിജൻ ആവശ്യകതയും ഉപഭോഗവും വ്യത്യസ്തമായതിനാൽ വ്യത്യസ്ത തലങ്ങളിൽ ഓക്സിജൻ നൽകുക എന്നതാണ് വെൻറിലേറ്ററിന്റെ പ്രധാന പ്രവർത്തനം. പുതിയ വെൻറിലേറ്ററുകൾ ഉപയോഗിച്ച അരമണിക്കൂറിനുള്ളിൽ മർദ്ദം കുറയുന്നുവെന്ന് ഡോക്ടർമാർ പരാതിപ്പെടുന്നു.