സംസ്ഥാനത്ത് കഴിഞ്ഞ 48 മണിക്കൂറിനിടെ മിന്നലേറ്റ് നാലു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 48 മണിക്കൂറിനിടെ മിന്നലേറ്റ് നാലു മരണം. മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തിരുവനന്തപുരം ചിറയിൻകീഴനടുത്ത് അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോട്ടയത്ത് ഒരാളും മൂവാറ്റുപുഴയിൽ രണ്ട് പേരുമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. കോട്ടയം പാലാ തിടനാടിനടുത്ത് പൂവത്തോട് സ്വദേശിയായ ബാബു ജോസഫ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ബാബുവിന് വീടിന് മുന്നിൽ വച്ചാണ് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. റെനിയാണ് ബാബുവിന്‍റെ ഭാര്യ. മക്കൾ റിയ, അനിൽ, അലക്സ്.

മൂവാറ്റുപുഴയ്ക്കടുത്ത് ആട്ടായത്ത് ഞായറാഴ്ച വൈകിട്ടാണ് ഇടിമിന്നലിൽ ഒരാൾ മരിച്ചത്. ആറുപേർക്ക് പരിക്കേറ്റിരുന്നു. ഇതിലൊരാൾ പിന്നീട് മരിച്ചു. തടിപ്പണിക്കാരായ ഒരു സംഘം ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ശക്തമായ ഇടിയും മഴയുമുണ്ടായത്. റബര്‍ തോട്ടത്തിനുള്ളിലെ ഷെഡില്‍ കയറിനിന്നപ്പോഴാണ് മിന്നലേറ്റത്. എല്ലാവരെയും ഉടൻ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിച്ചു. ഗുരുതര പൊള്ളലേറ്റ ജിജോ (42) എന്നയാളെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ; പ്രതിഭ മക്കള്‍: നെവിന്‍, നെല്‍വിന്‍.

ഇവർക്കൊപ്പം മിന്നലേറ്റ ഈസ്റ്റ് വാഴപ്പിള്ളി സ്വദേശികളായ മഠത്തിക്കുന്നേല്‍ ജോജോ എം.എം (36),ജിജി എം എം (39),പാപ്പനേത്ത് നിതീഷ് കുമാര്‍ (29),തെരുവംകുന്നേല്‍ ജോബി (40),വാഴക്കാലയില്‍ രാജു (52) എന്നിവർ ചികിത്സയിലാണ്.

അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 – 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.