ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് പൊതുമേഖല മെഡിക്കൽ ഗവേഷണ സ്ഥാപനമായ ഐസിഎംആർ. രോഗബാധ പടരുന്നത് പിടിച്ചു നിർത്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഐസിഎംആർ ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകൾ വരും ദിവസങ്ങളിലും അടച്ചിടണമെന്നാണ് ഐസിഎംആറിൻ്റെ ശുപാർശ.
ആറു മുതൽ എട്ട് ആഴ്ചവരെ അടച്ചിടണമെന്നാണ് നിർദേശം. 718 ജില്ലകളാണ് ടിപിആർ 10 ശതമാനത്തിന് മുകളിലുള്ള ജില്ലകൾ. ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ രാജ്യത്ത് ആകെയുള്ള 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. ന്യൂഡെൽഹി. മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതിൽ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഐസിഎംആർ ഡയറക്ടർ അഭിപ്രായപ്പെട്ടത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് മുതൽ പത്ത് ശതമാനം ഉള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താം. എന്നാൽ കർശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ നിലനിർത്താൻ സാധിക്കുയുള്ളൂ. ആറ്-എട്ട് ആഴ്ച ലോക്ക്ഡൗണിലൂടെ ഇത് സാധ്യമല്ല. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ നീട്ടേണ്ടതായും വരാം – അദ്ദേഹം പറഞ്ഞു.