നാലുമണിക്കൂറിനിടെ ഗോവ മെഡിക്കൽ കോളജിൽ മരിച്ചത് 26 കൊറോണ രോഗികൾ

പനാജി: ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലുമണിക്കൂറിനിടെ മരിച്ചത് 26 കൊറോണ രോഗികൾ. സംഭവത്തിൻ്റെ വ്യക്തമായ കാരണം കണ്ടെത്താൻ ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. ഇന്നു പുലർച്ചെ രണ്ടിനും ആറിനും ഇടയിലാണ് മരണങ്ങൾ ഉണ്ടായത്.

തിങ്കളാഴ്ച വരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമമുണ്ടായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി റാണെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. “ഈ മരണങ്ങളുടെ കാരണങ്ങൾ ഹൈക്കോടതി അന്വേഷിക്കണം. ഇവിടേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഹൈക്കോടതി ഇടപെട്ട് ഒരു ധവളപത്രം തയാറാക്കണം,” റാണെ കൂട്ടിച്ചേർത്തു.

കൊറോണ വാർഡുകളിലേക്ക് മതിയായ രീതിയിൽ മെഡിക്കൽ ഓക്സിജൻ എത്താത്തതാകാം മരണത്തിന് കാരണമായതെന്നാണ് മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചശേഷം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചത്. മെഡിക്കൽ ഓക്സിജൻറെ സുഗമമായ വിതരണം ഉറപ്പാക്കാൻ വാർഡ് തിരിച്ചുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിനായി ഉടൻ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ രോഗികൾക്ക് ദീൻ ദയാൽ സ്വസ്ത സേവ യോജന പ്രകാരമുള്ള ചികിത്സ ആനുകൂല്യങ്ങൾ നിരസിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ സ്വകാര്യ ആശുപത്രികളുടെ കുടിശ്ശിക തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.