തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് ആദ്യ മന്ത്രിസഭയിലെ അവസാന കണ്ണിയെ. ആദ്യമന്ത്രി സഭയിലെ ഏക വനിത സാന്നിധ്യം എന്നതിന് പുറമെ ജീവിച്ചിരുന്ന ഒരേയൊരു വ്യക്തികൂടിയായിരുന്നു ഇവർ. ഇ.എം.എസ് നേതൃത്വം നൽകിയ പ്രഥമ കേരള മന്ത്രിസഭയിൽ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായിരുന്നു ഗൗരിയമ്മ.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ മന്ത്രിസഭയിൽ സി. അച്യുത മേനോർ, കെ.പി. ഗോപാലൻ, ജോസഫ് മുണ്ടശേരി, ടി.വി. തോമസ്, പി.കെ. ചാത്തൻ മാസ്റ്റർ, ടി.എ. മജീദ്, കെ.സി. ജോർജ്, വി.ആർ. കൃഷ്ണയ്യർ, എ.ആർ. മേനോർ എന്നിവരായിരുന്ന കെ.ആർ. ഗൗരിയമ്മയെ കൂടാതെ മറ്റംഗങ്ങൾ. 2014ൽ വി.ആർ. കൃഷ്ണയ്യർ വിടപറഞ്ഞതോടെ കെ.ആർ. ഗൗരിയമ്മ മാത്രമായി ആദ്യ മന്ത്രിസഭയിലെ വിപ്ലവ താരകം.
കേരള രാഷ്ട്രീയ ചരിത്രത്തിലെ സ്ത്രീ പ്രാതിനിധ്യത്തിൽ ഏറ്റവും ശ്രദ്ധേയയായ ഗൗരിയമ്മ ഇന്ത്യയിൽതന്നെ കൂടുതൽ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോർഡും സ്വന്തമാക്കിയിരുന്നു. നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജക മണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജക മണ്ഡലത്തെയും പ്രതിനിധീകരിച്ചു. അവസാന തെരഞ്ഞെടുപ്പിൽ ഗൗരിയമ്മയ്ക്ക് തോൽക്കേണ്ടി വന്നതും ചരിത്രം.