അറബിക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ 14 മുതൽ മഴ മുന്നറിയിപ്പ് ; കടലിൽ പോകുന്നതിന് വിലക്ക്

തിരുവനന്തപുരം: കേരള തീരത്ത് നിന്ന് മേയ് 14 മുതൽ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂമർദ്ദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. എങ്കിലും ശക്തമായ മഴയ്ക്കും കടലാക്രമണത്തിനു സാധ്യതയുണ്ട്.

ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ് 16ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് രൂപം കൊള്ളുകയാണെങ്കിൽ മ്യാന്മാർ നൽകിയ ‘ടൗട്ടെ (Taukte -Tau tae) എന്ന പേരായിരിക്കും ഉപയോഗിക്കുക. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

മേയ് 14ന് തിരുവനന്തപുരം, കൊല്ലം’ ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4 മിമീ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ പ്രതീക്ഷിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.