തിരുവനന്തപുരം: കുടിശിഖയുടെ പേരിൽ വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കൽ കെഎസ്‌ഇബി നിർത്തിവച്ചു. കൊറോണ ലോക്‌ഡൗൺ സാഹചര്യങൾ കണക്കിലെടുത്താണിത്. വൈദ്യുതി മോഷണം, അപകടങ്ങൾ എന്നീ സന്ദർഭങ്ങളിൽ മാത്രമേ ഇനി കണക്‌ഷൻ വിച്ഛേദിക്കൂ.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട സർവീസ് കണക്‌ഷനുകൾക്ക് മുൻഗണന നൽകുമെന്ന് കെഎസ്‌ഇബി വ്യക്തമാക്കി. നിയന്ത്രണങ്ങൾമൂലം മറ്റുസർവീസ് കണക്‌ഷനുകൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണം മാറുന്നതിന് അനുസരിച്ച് മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കും.
അതേസമയം മഹാമാരിയുടെ നാളുകളിലും സംസ്ഥാനത്ത് വൈദ്യുതി വിതരണം തടസ്സരഹിതമാക്കാൻ പവർ ബ്രിഗേഡും റിസർവ് ടീമുമായി കെഎസ്‌ഇബി സജീവമായി രംഗത്തുണ്ട്. അടിയന്തര സാഹചര്യങ്ങളിലെ സേവനത്തിനാണ് പവർ ബ്രിഗേഡ്. ജീവനക്കാർ, കരാർ തൊഴിലാളികൾ, 65 വയസ്സ് കഴിയാത്ത വിരമിച്ച ജീവനക്കാർ എന്നിവരടങ്ങുന്നതാണിത്.
സേവനം ആവശ്യമായ സന്ദർഭങ്ങളിൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് വാട്‌സാപ് വഴി ജില്ലാതല ഇൻസിഡന്റ് കമാൻഡറെ അറിയിക്കും. പവർ ബ്രിഗേഡ് അംഗങ്ങളെ അനുയോജ്യമായ ഓഫീസുകളിൽ കമാൻഡർ നിയോഗിക്കും. ഇവർക്കാവശ്യമായ പണിയായുധങ്ങൾ, മാസ്‌ക്, ഫെയ്‌സ്‌ഷീൽഡ്, സാനിറ്റൈസർ എന്നിവ ഓഫീസ് മേലാധികാരി നൽകും. പവർ ബ്രിഗേഡിലുള്ള വിരമിച്ചവർക്ക് പ്രതിദിനം 750 രൂപ ഓണറേറിയം നൽകും.
അനുസ്യൂതം വൈദ്യുതി ഉറപ്പാക്കാൻ നിലവിലുള്ള ജീവനക്കാരെ ഉൾപ്പെടുത്തിയാണ് റിസർവ് ടീം രൂപീകരിക്കുന്നത്. അംഗങ്ങൾ ഓഫീസ് ഹെഡ്‌ക്വാർട്ടേഴ്‌സിൽ തുടരും. ഓഫീസ് മേധാവിക്കാണ് ടീം തയ്യാറാക്കേണ്ടതിന്റെയും വിന്യസിക്കേണ്ടതിന്റെയും ചുമതല. കോവിഡിന്റെ ഒന്നാംഘട്ടത്തിലും പവർബ്രിഗേഡ് രൂപീകരിച്ചിരുന്നു. വൈദ്യുതി ഉറപ്പാക്കാനും ഓഫീസ് പ്രവർത്തനങ്ങൾ സുഗമമാക്കാനും ആവശ്യമായ മറ്റുക്രമീകരണങ്ങൾ ഇതിനകം കെഎസ്‌ഇബി നടപ്പാക്കിയിട്ടുണ്ട്.