അഫ്​ഗാനിസ്​താനിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറൽ വിനേഷ്​ കലാറ കൊറോണ ബാധിച്ച് അന്തരിച്ചു

കാബൂള്‍: അഫ്​ഗാനിസ്​താനിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറൽ വിനേഷ്​ കലാറ കൊറോണ ബാധിച്ച് അന്തരിച്ചു. മസാര്‍-ഇ-ശരീഫ്​ നഗരത്തിലെ കോണ്‍സുല്‍ ജനറലായ വിനേഷ്​ രോഗം ബാധിച്ച്‌​ ആശുപത്രിയില്‍ തുടരുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇന്ത്യ-അഫ്​ഗാനിസ്​താന്‍ ബന്ധം ശക്​തിപ്പെടുത്താന്‍ വിലപ്പെട്ട സംഭാവന നൽകിയയാളാണ് വിനേഷ്​ കലാറ.

ജോലിക്കായി ജീവിതം സമര്‍പ്പിച്ച സഹപ്രവര്‍ത്തകനെയാണ്​ നഷ്​ടമായതെന്ന്​ കേന്ദ്ര വിദേശകാര്യമ​ന്ത്രി എസ്​. ജയശങ്കര്‍ അനുശോചിച്ചു. കലാറയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും ജയശങ്കര്‍ ട്വീറ്റ്​ ചെയ്​തു.

വിനേഷ്​ കലാറയുടെ മരണത്തില്‍ അഫ്​ഗാന്‍ അംബാസിഡര്‍ ഫരീദ്​ മമുണ്ട്​സേ കടുത്ത ദുഃഖം രേഖപ്പെടുത്തി. ബുദ്ധിമു​ട്ടേറിയ സാഹചര്യങ്ങളിലും രാജ്യത്തിനായി പ്രവര്‍ത്തിച്ച വ്യക്​തിയാണ്​ കലാറയെന്ന്​ വിദേശകാര്യമന്ത്രാലയം വക്​താവ്​ അരിന്ദ്​ ബാച്ചി പറഞ്ഞു