ഉള്ളത് മുഖത്ത് നോക്കി പറയും; കുറിക്കു കൊള്ളുന്ന നർമ്മത്തിലൂടെ പ്രമുഖരെ ഞെട്ടിച്ച വീരാംഗന

ആലപ്പുഴ: ഉള്ളത് മുഖത്ത് നോക്കി പറയുമ്പോഴും കുറിക്കു കൊള്ളുന്ന നർമ്മത്തിലൂടെ പ്രതിയോഗികളെ അടിച്ചിരുത്താൻ ഗൗരിയമ്മയ്ക്കുള്ള സവിശേഷത ശ്രദ്ധേയമായിരുന്നു.
‘ഞാ​ന്‍ ഒ​രു​ ചോ​വ​ത്തി ആ​യ​തി​നാ​ല്‍ എ​നി​ക്ക് മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല’ 99ാം പി​റ​ന്നാ​ൾദിനത്തിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ്​ ഗൗരിയമ്മ ഇങ്ങനെ തുറന്നടിച്ചത്. താൻ മുഖ്യമന്ത്രിയാകുമെന്ന്​ വരെ പറഞ്ഞുകേട്ട 1987ലെ തെരഞ്ഞെടുപ്പിന്​ ശേഷമുണ്ടായ നീക്കങ്ങളാണ്​ ഗൗരിയമ്മയെ കൊണ്ട്​ ഇത്​ പറയിച്ചത്.

1987ലെ തെരഞ്ഞെടുപ്പിൽ ഗൗരിയമ്മയെ മുന്നിൽനി​ര്‍ത്തിയായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്ര​ചാ​ര​ണം. എന്നാൽ, അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഇ.​എം.​എ​സ്​ പി​ന്നാ​ക്ക​ ജാ​തി​ക്കാ​രിയാ​യ​തു​കൊ​ണ്ട്​ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​തി​രു​ന്നു എന്ന്​ ഗൗരിയമ്മ പറഞ്ഞത്​ ഏറെ വിവാദമായിരുന്നു.

വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​യ​നാ​രെ വി​ളി​ച്ചു​വ​രു​ത്തി മു​ഖ്യ​മ​ന്ത്രി​യാ​ക്കിയതിന്​​ ഇ.​എം.​എ​സി​ൻ്റെ ഉ​ള്ളി​ലെ ജാ​തി​ക്കു​ശു​മ്പാ​യി​രു​ന്നു കാ​ര​ണമെന്നും ഗൗരിയമ്മ ആരോപിച്ചു. ഗൗരിയമ്മയുടെ ഇത്തരം ചില പ്രയോഗങ്ങൾ എന്നും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്​.

ആത്​മകഥയിൽ ഉൾപ്പെടുത്താത്ത 1948ലെ ഒരു സംഭവം പിന്നീട്​ ഗൗരിയമ്മ വെളിപ്പെടുത്തിയതും വാർത്തയായി. എ.കെ. ഗോപാലൻ തന്നെ കല്യാണമാലോചിച്ചിരുന്നു എന്നതാണത്​. ഗൗരിയമ്മ അന്നു ചേർത്തലയിൽ വക്കീലായി പ്രാ‍ക്ടീസ് ചെയ്യുകയാണ്​. എ.കെ.ജി ജയിലിൽ നിന്നിറങ്ങിയ കാലം. അദ്ദേഹം വയലാറിൽ വെടിവയ്പു നടന്ന പ്രദേശം കാണാൻ പോയപ്പോൾ ഗൗരിയമ്മയും കൂടെപ്പോയി. തിരിച്ചു വരുമ്പോഴാണ് എ.കെ.ജി വിവാഹം കഴിച്ചാൽ കൊള്ളാമെന്ന ആഗ്രഹം പറഞ്ഞത്. പക്ഷേ, ഗൗരിയമ്മ സമ്മതിച്ചില്ല. അതുകഴിഞാണ് അദ്ദേഹം സുശ‍ീലയെ വിവാഹം കഴിച്ചു.

നി​യ​മ​സ​ഭ​യു​​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഴ​യ നി​യ​മ​സ​ഭ ഹാ​ളി​ൽ ന​ട​ന്ന മു​ൻ സാ​മാ​ജി​ക​രു​ടെ ഒ​ത്തു​ചേ​ര​ലി​ലും ഗൗ​രി​യ​മ്മ ഒരു ചിരിവെടി പൊട്ടിച്ചു. സ്​ത്രീകൾ നേരിടുന്ന ദുരിതത്തെ കുറിച്ച്​ മുഖ്യമന്ത്രി പിണറായി വിജയനോട്​ ഗൗരിയമ്മ പറഞ്ഞത്​ ചിരി പടർത്തി. ‘വി​ജ​യ​ൻ ഒ​ന്ന്​ സാ​രി​യും ചു​റ്റി പു​റ​ത്തി​റ​ങ്ങ​ണം, അ​പ്പോ​ഴ​റി​യാം സ്​​ത്രീ​ക​ൾ നേ​രി​ടു​ന്ന ദു​രി​തം. പെ​ണ്ണു​ങ്ങ​ൾ​ക്ക്​ വ​ഴി​യി​ലി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ’- ഗൗ​രി​യ​മ്മ​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട്​ സ​ദ​സ്സ്​ ആ​ദ്യ​മൊ​ന്ന്​ പകച്ചെങ്കിലും പൊ​ട്ടി​ച്ചി​രി​യാ​യി​രു​ന്നു പി​ന്നെ.

ഗൗരിയമ്മ സി.പി.എമ്മിൽനിന്നും പുറത്താക്കപ്പെട്ടതി​ൻ്റെ തൊട്ടടുത്ത ദിവസങ്ങളിലൊന്നിൽ ബി.എസ്​.പി സ്ഥാപക നേതാവും രാജ്യത്തെ ദലിത്-പിന്നാക്ക രാഷ്​ട്രീയത്തി​ൻ്റെ ആചാര്യനുമായ കാൻഷി റാം അവരെ സന്ദർശിക്കാനെത്തിയിരുന്നു. കാൻഷി റാം ഗൗരിയമ്മയുടെ ചാത്തനാ​ട്ടെ വീട്ടിലെത്തിയപ്പോൾ അവർ അവിടെയില്ല. കൈനകരിയിൽ ഒരു യോഗത്തിൽ പ​ങ്കെടുക്കാൻ പോയിരിക്കുകയാണ്​. എല്ലാവരുടെയും കാത്തിരിപ്പിന്​ വിരാമിട്ട്​ ഒന്നര മണിക്കൂറോളം കഴിഞ്ഞാണ്​ ഗൗരിയമ്മ എത്തിയത്​.

കാൻഷി റാമുമായി സംസാരം തുടങ്ങിയപ്പോൾ തന്നെ ശരംപോലെ ഗൗരിയമ്മയുടെ ചോദ്യമെത്തി- ‘നിങ്ങളെ കണ്ടിട്ട്​ പട്ടികജാതിക്കാരനാ​ണെന്ന്​ തോന്നുന്നില്ലല്ലോ’. അപ്രതീക്ഷിതമായ ഈ ചോദ്യം കാൻഷിറാം അടക്കം എല്ലാവരെയും ഞെട്ടിച്ചു. കാൻഷിറാമിൽ നിന്ന്​ മറുപടിയായി ഒരു പുഞ്ചിരി മാത്രമാണുണ്ടായത്​. പിന്നീട്​ സജീവമായ രാഷ്​ട്രീയ ചർച്ച നടത്തിയ കാൻഷിറാം ദേശീയ രാഷ്​ട്രീയത്തിലേക്ക്​ ഗൗരിയമ്മയെ ക്ഷണിച്ചെങ്കലും അവർ നിരസിച്ചു.