ഡെന്നിസ് ജോസഫിന് ജന്മനാടിൻ്റെ യാത്രാമൊഴി

കോട്ടയം: അന്തരിച്ച തിരക്കഥാകൃത്ത്  ഡെന്നിസ് ജോസഫിന് ജന്മനാടിൻ്റെ യാത്രാമൊഴി. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലായിരുന്നു സംസ്ക്കാരം. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കൊറോണ പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

ഇന്നലെ വൈകീട്ട് വീട്ടില്‍ കുഴഞ്ഞു വീണ ഡെന്നിസ് ജോസഫ് ആശുപത്രിയില്‍ എത്തും മുമ്പ് മരിക്കുകയായിരുന്നു. മലയാള സിനിമയിലെ വമ്പന്‍ ഹിറ്റുകളുടെ സൃഷ്ടാവായിരുന്നു ഡെന്നീസ് ജോസഫ്. 1985ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയാണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി.

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളായ രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി,സംഘം, നമ്പര്‍ 20 മദ്രാസ് മെയില്‍,കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമകളായിരുന്നു ഡെന്നീസിന്റേത്. ഇവയ്ക്കോപ്പം അമ്പതോളം ചിത്രങ്ങള്‍ക്കാണ് ഡെന്നീസ് തിരക്കഥ തീര്‍ത്തത്.