ന്യൂഡെൽഹി: കൊറോണ വൈറസ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകം യുവ ഡോക്‌ടർ മരണത്തിന് കീഴടങ്ങി. ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോക്‌ടറായ അനസ് മുജാഹി(26)ദാണ് കൊറോണ വൈറസിന് കീഴടങ്ങിയത്.
കൊറോണ ബാധിച്ച രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയാണ് ജി.ടി.ബി ആശുപത്രി. ഇവിടെ ഒബി-ജിൻ വാർഡിൽ ശനിയാഴ്‌ച ഉച്ചവരെ അനസ് ജോലി നോക്കിയിരുന്നു. തുടർന്ന് ശനിയാഴ്‌ച വീട്ടിലേക്ക് സുഹൃത്തുമൊത്ത് പോയ അനസിന് പനി അനുഭവപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്.
വൈകാതെ കുഴഞ്ഞുവീണ ഡോക്‌ടർക്ക് സി.ടി സ്‌കാൻ നടത്തിയപ്പോൾ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. ഇതിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനസിൻ്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഞായറാഴ്‌ച വ്യക്തമായി. പിന്നാലെ കൊറോണയെ തുടർന്ന് മസ്‌തിഷ്‌കത്തിലുണ്ടായ രക്തസ്രാവം മൂർച്ഛിച്ച് പുലർച്ചെ മൂന്ന് മണിയോടെ അനസ് മരണമടഞ്ഞു.
ഡോക്‌ടർക്ക് മറ്റ് അസുഖങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും ഡോക്‌ടർമാർ പറഞ്ഞു. ഡോ.അനസ് കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരുന്നില്ലെന്നാണ് ലഭ്യമായ വിവരം.