സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു; മറ്റ് ജില്ലകളിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കൊറോണ വ്യാപനം വർദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണിത്. എന്നാൽ മറ്റ് ജില്ലകളിൽ കുറയുന്നുണ്ട്. 72 പഞ്ചായത്തുകളിൽ ടി‌പി‌ആർ 50 ശതമാനത്തിന് മുകളിലാണ്. ഇവയിൽ 19 എണ്ണവും എറണാകുളം ജില്ലയിലാണ്.

300ലധികം പഞ്ചായത്തുകളിൽ 30 ശതമാനത്തിന് മുകളിലാണ് വ്യാപനം. 500നും 2000നുമിടയിൽ ആക്‌ടീവ് കേസുകളുള‌ളത് 57 പഞ്ചായത്തുകളിലാണ്.

കേരളം നേരിട്ട് വാങ്ങിയ 3.5 ലക്ഷം ഡോസ് വാക്‌സിൻ എത്തിയിട്ടുണ്ട്. 18നും 45നുമിടയിലുള‌ളവർക്ക് മുൻഗണന പ്രകാരം വാക്‌സിൻ നൽകും. ഗുരുതര രോഗബാധയുള‌ളവർക്കാണ് പ്രഥമ പരിഗണന. മാദ്ധ്യമ പ്രവർത്തകർക്കും ഇതിനൊപ്പം വാക്‌സിൻ നൽകും.

ഇപ്പോഴത്തേ ലോക്ഡൗൺ എമർ‌ജൻസി ലോക്ഡൗണാണ്. എല്ലാവരും ജാഗ്രത പുലർത്തണം. പൊലീസുകാരിൽ രോഗം പടരുകയാണ്. 1259 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തലസ്ഥാനത്തും കൊച്ചിയിലുമുള‌ള പൊലീസുകാർക്ക് സിഎഫ്‌എൽ‌ടി‌സി സൗകര്യം ഏർപ്പെടുത്തും. സംസ്ഥാനത്ത് മേയ് 15 വരെ കണക്കെടുത്താൽ 450 മെട്രിക് ടൺ ഓക്‌സിജൻ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഓക്‌സിജൻ വേസ്‌റ്റേജ് കുറയ്‌ക്കാൻ നടപടി സ്വീകരിച്ചു. ആവശ്യത്തിലധികം ഓക്‌സിജൻ ചിലയിടത്ത് ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ കൂടുതൽ വേണ്ടതുണ്ടെന്നും ഇതിനായി കൂടുതൽ ഡോക്‌ടർമാരെയും പാരാമെഡിക്കൽ സ്‌റ്റാഫിനെയും നിയമിക്കാൻ നടപടിയെടുക്കും. ഇതിനുവേണ്ടി വിരമിച്ച ഡോക്‌ടർമാർ, ലീവ് കഴിഞ്ഞ ഡോക്‌ടർമാർ, പാരാമെഡിക്കൽ സ്‌റ്റാഫ് എന്നിവരെ നിയമിക്കും. ആരോഗ്യപ്രവർത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാൻ മതിയായ നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കും.