കർഷക സമരത്തിൽ പങ്കെടുക്കാനെത്തി കൊറോണ ബാധിച്ച് മരിച്ച യുവതി പീഡനത്തിന് ഇരയായ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

ന്യൂഡെൽഹി: ഡെൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനെത്തി കൊറോണ ബാധിച്ച് മരിച്ച ബംഗാളി യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം അന്വേഷിക്കാൻ ഹരിയാന പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ 25കാരിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കർഷക സമരത്തിൽ പങ്കെടുക്കാനാണ് യുവതി ഒരു സംഘടനയുടെ പ്രവർത്തകർക്കൊപ്പം ഡെൽഹി-ഹരിയാന അതിർത്തി മേഖലയായ തിക്രിയിലെ പ്രതിഷേധ വേദിയിലെത്തിയത്. ഇതിനിടയിലാണ് ഒപ്പമുണ്ടായിരുന്ന രണ്ട് പേർ യുവതിയെ പീഡിപ്പിച്ചതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.

പരാതിയുടെ അടിസ്ഥാനത്തിൽ ആംആദ്മി പാർട്ടി പ്രവർത്തകരും സംയുക്ത് കിസാൻ മോർച്ചയെ പ്രതിനിധീകരിച്ച്‌ പശ്ചിമ ബംഗാളിലേക്ക് പോയവരുമായ അനിൽ മാലിക്, അനുപ് സിംഗ് ചൗന ത്, അങ്കുർ സാങ്വാൻ, കോവിറ്റ ആര്യ, ജഗദീഷ് ബ്രാർ, യോഗിത സുഹാഗ് എന്നീ ആറ് പേർക്കെതിരേ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

കൊറോണ ലക്ഷണങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി പിന്നീട് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് പരാതി നൽകിയത്. തുടർന്നാണ് സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹരിയാന പൊലീസ് രൂപം നൽകിയത്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ 10 നാണ് യുവതി പശ്ചിമ ബംഗാളിൽ നിന്ന് തിക്രി അതിർത്തിയിലെ പ്രതിഷേധ സ്ഥലത്ത് ഒരു സംഘവുമായി കർഷകരുടെ പ്രതിഷേധത്തിൽ പങ്കുചേർന്നത്. ഏപ്രിൽ 26 ന് കൊറോണ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ജജ്ജർ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 30 നാണ് അവർ മരിച്ചത് എന്ന് ബഹദൂർഗഡ് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ വിജയ് കുമാർ പറഞ്ഞു.

അനിലും അനൂപും തന്നോട് അപമര്യാദയായി പെരുമാറിയെന്ന് മകൾ ഫോണിലൂടെ പറഞ്ഞുവെന്നാണ് പിതാവ് പരാതിയിൽ സൂചിപ്പിച്ചിരുന്നത്. പിതാവിൻ്റെ പരാതി ഇങ്ങനെ, അവർക്കൊപ്പം ട്രെയിനിൽ യാത്രചെയ്തവർ എല്ലാവരും ഉറങ്ങിയ സമയത്ത് അനിൽ യുവതിയോട് അപമര്യാദയായി പെരുമാറി. അതു താൻ തടഞ്ഞു. പിന്നീട് അനിലും അനുപും തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും സമ്മർദ്ദം ചെലുത്തുകയാണെന്നും മകൾ പറഞ്ഞു. പിന്നീട് സമരസ്ഥലത്തെ കൂടാരത്തിൽ എത്തിച്ച്‌ പീഡിപ്പിച്ചു. മറ്റു പ്രതികളാണ് വേണ്ടസഹായങ്ങൾ ചെയ്തു നൽകിയത്.

ഒടുവിൽ, പീഡനം സഹിക്കാനാവാതെ ഏപ്രിൽ 16 ന് അവർ സമരസ്ഥലത്ത് ഉണ്ടായിരുന്ന സുഹൃത്തുക്കളായ യോഗിതയോടും ജഗദീഷിനോടും സംഭവത്തെക്കുറിച്ച്‌ പറഞ്ഞു. അവർ യുവതിയുടെ അവസ്ഥ ഷൂട്ട് ചെയ്തു പിതാവിന് അയച്ചു. ഏപ്രിൽ 17 ന് യുവതിയുടെ മൂത്രത്തിൽ രക്തം കണ്ടെത്തി. തുടർന്ന് ഏപ്രിൽ 18 ന് അവളെ സ്ത്രീകളുമൊത്തുള്ള ഒരു കൂടാരത്തിലേക്ക് മാറ്റി. ഏപ്രിൽ 21 ന് നേരിയ പനി ഉൾപ്പെടെയുള്ള കോറോണയുടെ ലക്ഷണങ്ങൾ യുവതി കാണിക്കാൻ തുടങ്ങി. ഏപ്രിൽ 24 ന് അവൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങി. ഏപ്രിൽ 26 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അധികം വൈകാതെ മരണത്തിന് കീഴടങ്ങി.

പ്രതികളിലൊരാളായ അനുപ് സിംഗ് ഹിസാർ മേഖലയിലെ ആം ആദ്മി പാർട്ടി സജീവ അംഗമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കിസാൻ സോഷ്യൽ ആർമിയുടെ ബാനറിൽ തുടക്കം മുതൽ കർഷക പ്രതിഷേധത്തിൽ ഇരുവരും സജീവമായിരുന്നു. യുവതി ആശുപത്രിയിൽ മരിച്ചതു മുതൽ പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ശക്തമാണ്.