പാറ്റ്‌ന: കൊറോണ ബാധിച്ച് മരിച്ച മൃതദേഹങ്ങൾ ഗംഗാ നദിയിൽ തള്ളിയതായി റിപ്പോർട്ട്. ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. കിഴക്കൻ ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന ബുക്‌സാറിലാണ് രാജ്യത്തിനാകെ മാനക്കേടുണ്ടാക്കുന്ന സംഭവം നടന്നിരിക്കുന്നത്.
പല മൃതദേഹങ്ങളും അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. തെരുവ് നായ്ക്കള്‍ പലയിടത്തും മൃതദേഹം കടിച്ചുവലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ മുതലാണ് നദിയുടെ വിവിധ ഭാഗങ്ങളില്‍ മൃതദേഹം പൊങ്ങിത്തുടങ്ങിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ചില സ്ഥലങ്ങളില്‍ നിന്നും നദിയില്‍ ഒഴുക്കിയ മൃതദേഹങ്ങള്‍ ബിഹാര്‍ അതിര്‍ത്തി പിന്നിട്ട് നദിയില്‍ പൊങ്ങിയെന്നാണ് സംശയിക്കുന്നത്. യുപിയില്‍ പലയിടത്തും കൊറോണ മൃതദേഹങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ സംസ്കരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്ന വിമർശനത്തിനൊപ്പം, കൊറോണ വ്യാപകമായി പടരാൻ കൂടി ഇത് കാരണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒഴുകിയെത്തിയ മൃതദേഹങ്ങൾ കണ്ടെത്തി സംസ്കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മരിച്ചവരുടെ കണക്കുകൾ സംസ്ഥാന സർകാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ പക്കലില്ലെന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഹാമിർപൂർ, കാൺപൂർ ജില്ലകളിൽ ധാരാളം പേർ കൊറോണ ബാധിച്ച് മരിക്കുന്നുണ്ടെന്നും ഇവരുടെ മൃതദേഹങ്ങൾ യമുനാ നദിയിലൊഴുക്കുകയാണെന്നും നാട്ടുകാർ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
മരിച്ചവരുടെ മൃതദേഹം പുഴയിലൊഴുക്കുന്ന ആചാരം യമുനാ നദിയുടെ തീരപ്രദേശങ്ങളിലെ ചില ഗ്രാമങ്ങളിൽ നിലനിൽക്കുന്നുണ്ടെന്ന് ഹാമിർപൂർ അസിസ്റ്റൻറ് പൊലീസ് സുപ്രണ്ട് അനൂപ് കുമാർ സിംഗ് പറഞ്ഞു.