ന്യൂഡെൽഹി: രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തങ്ങളിൽ കേന്ദ്ര സർക്കാർ സമ്പൂർണ പരാജയം ആണെന്ന് എഴൂത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. 2024 വരെ കാത്തിരിക്കാനാകില്ലെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നരേന്ദ്രമോദി ഇപ്പോഴെങ്കിലും മാറിനിൽക്കണമെന്നും ദേശീയ മാധ്യമമായ സ്ക്രോൾ ഇന്നിലെ ലേഖനത്തിൽ അരുന്ധതി റോയ് അഭ്യർഥിച്ചു. അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാകില്ലെന്നും ആയിരക്കണക്കിന് പേർ ഇനിയും മരിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് ഒരു സർക്കാർ വേണമെന്നും അരുന്ധതി റോയ് ലേഖനത്തിൽ വ്യക്തമാക്കി
അരുന്ധതി റോയ് എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ
2024 വരെ ഞങ്ങൾക്ക് കാത്തിരിക്കാനാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒന്നിനും വേണ്ടി അഭ്യർഥിക്കേണ്ടി വരുമെന്ന് എന്നെപ്പോലുള്ളവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വീടുകളിൽ , തെരുവുകളിൽ, ആശുപത്രിയുടെ കാർ പാർക്കിങ്ങുകളിൽ, വലിയ നഗരങ്ങളിൽ, ചെറിയ ടൗണുകളിൽ, ഗ്രാമങ്ങളിൽ, വനത്തിൽ, വയലിൽ എല്ലായിടത്തും ജനങ്ങൾ മരിച്ച് വീഴുകയാണ്. ഒരു സാധാരണ പൗരയായ ഞാൻ ദശലക്ഷകണക്കിനായ സഹപൗരൻമാരൂമായി ചേർന്നു പറയുന്നു ദയവായി മാറിനിൽക്കൂ. ഇപ്പോഴെങ്കിലും.
ഇത് നിങ്ങൾ വരുത്തിവെച്ച പ്രതിസന്ധിയാണ്. നിങ്ങൾക്ക് അത് പരിഹരിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഇത് മോശമാക്കാൻ മാത്രമേ കഴിയൂ. ഈ ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അജ്ഞതയുടെയും അന്തരീക്ഷത്തിൽ ഈ വൈറസ് പെരുകുകയാണ്. പ്രതികരിക്കുന്നവരെ നിങ്ങൾ കീഴ്പ്പെടുത്തുമ്പോൾ ആ വൈറസ് കൂടുതൽ വ്യാപിക്കും. അന്തർദ്ദേശീയ മാധ്യമങ്ങളിൽ മാത്രമേ യഥാർത്ഥ സത്യം റിപ്പോർട്ട് ചെയ്യപ്പെടുകയുള്ളൂ. ഇവിടത്തെ മാധ്യമങ്ങളെ നിങ്ങൾ മാനേജ് ചെയ്യുമ്പോൾ ആ വൈറസ് കൂടുതൽ അഭിവൃദ്ധിപ്പെടുകയാണ്.
അധികാരത്തിലിരിക്കുന്ന വർഷങ്ങളിൽ പ്രധാനമന്ത്രിയെന്ന നിലയിൽ ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾ അഭിമുഖീകരിക്കുവാനുള്ള പ്രാപ്തിയില്ലാത്ത ആളാണ് നിങ്ങൾ.
നിങ്ങൾ മാറിനിൽക്കാത്ത പക്ഷം ലക്ഷക്കണക്കിന് ആളുകൾ ഉറപ്പായും മരിക്കും. അതിനാൽ, ഇപ്പോൾ തന്നെ പോകുക. ധ്യാനത്തിന്റെയും ഏകാന്തതയുടെയുമുള്ള മികച്ച ജീവിതം നിങ്ങൾക്ക് നയിക്കുവാൻ സാധിക്കും. അതാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. ഈ കൂട്ടത്തോടെ മരിക്കുന്നത് തുടരാൻ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ആ ജീവിതം നയിക്കുവാൻ സാധിക്കില്ല.
നിങ്ങളുടെ സ്ഥാനത്തിരിക്കുവാൻ യോഗ്യതയുള്ള നിരവധി പേർ നിങ്ങളുടെ പാർട്ടിയിൽ ഉണ്ട്. ആർഎസ്എസിന്റെ അനുവാദത്തോടെ അങ്ങനെയൊരാളെ നിങ്ങളുടെ സ്ഥാനത്തേയ്ക്ക് കൊണ്ടുവരിക. ഈ പ്രതിസന്ധി കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ള ആളെ തിരഞ്ഞെടുക്കുക.