എസ് ശ്രീകണ്ഠൻ
ബംഗ്ലൂരൂ: വാഴപ്പിണ്ടി , അല്ല ഇടിചക്കയും പായ്ക്കറ്റിലാക്കി വിറ്റു കാശാക്കാം. വാഴപ്പിണ്ടിയും ഇടിയൻ ചക്കയും റഡി ടു കുക്ക് പരുവത്തിലാക്കി ചൂടപ്പം പോലെ വിറ്റു പണമുണ്ടാക്കിയ കർണ്ണാടകക്കാരൻ സംരംഭകനാണ് നവീൻ ജി വി. 18 വർഷത്തോളം പല ബഹുരാഷ്ട്ര ഐടി കമ്പനികളിൽ പണിയെടുത്തിട്ടും നവീൻ്റെ തലവര മാറ്റിയത് വാഴപ്പിണ്ടിയും ഇടിചക്കയുമാണെന്ന് പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല. നമ്മുടെ തനത് വിഭവങ്ങൾ പലതും സംസ്ക്കരിച്ച് പാകപ്പെടുത്തിയെടുക്കുക ദുർഘടം പിടിച്ച പണിയാണെന്ന തിരിച്ചറിവാണ് എൻജിവി നാച്വറൽ ഇൻഡസ്ട്രി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന് തുടക്കമിടാൻ നവീന് പ്രേരകമായത്.
പറഞ്ഞത് ശരിയല്ലേ ? പിണ്ടി വെട്ടിയെടുത്ത് അരിഞ്ഞു നുറുക്കുക. ചക്കവെട്ടി തൊലി കളഞ്ഞ് കൂഞ്ഞിലും കുരുവും മാറ്റി ചുള എടുക്കുക. പശ പോലെ ഒട്ടിപിടിക്കുന്ന കറ . ജീവിതവിജയത്തിന് കുറുക്കുവഴിയില്ലെന്ന ദൈവത്തിൻ്റെ ഓർമ്മപ്പെടുത്തലാണിതൊക്കെയെന്ന് കുഞ്ഞുന്നാളിൽ അമ്മ പറഞ്ഞത് ഓർക്കുന്നു. പക്ഷെ, പുതു തലമുറയ്ക്ക് അതിനൊന്നും സമയമോ സാവകാശമോയില്ലല്ലോ.
വിജയത്തിന് കുറുക്കുവഴിയില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കി നവീൻ തൻ്റെ സംരംഭത്തിന് തുടക്കമിട്ടു. 2019 മാർച്ചിൽ. ജീവിത സഖി പവിത്ര കോ-ഫൗണ്ടറായി കൂടെ നിന്നു. ഒരു വർഷത്തോളം ഇരുവരും നന്നായി പഠിച്ച ശേഷമാണ് സംരംഭം തുടങ്ങിയത്. നല്ല ഹോം വർക്ക്.ആദ്യം കറിവെക്കാൻ പാകത്തിന് വാഴപ്പിണ്ടി നുറുക്കാണ് പാക്കറ്റിലാക്കി മാർക്കറ്റിൽ എത്തിച്ചത് . ഇതിനായി യന്ത്രങ്ങൾ വികസിപ്പിച്ചെടുത്തു.
ബംഗളൂരുവിലെ ഈ യൂണിറ്റിൽ ഇന്ന് ഒരു ദിവസം ഒരു ടൺ വാഴപ്പിണ്ടി സംസ്ക്കരിച്ചെടുക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ഇടിയൻ ചക്ക സംസ്ക്കരണത്തിലേക്ക് കടന്നു. അതിനും യന്ത്രങ്ങളായി. ഇപ്പോൾ 500 കിലോ ഒരു ദിവസം ഇവിടെ സംസ്ക്കരിച്ചെടുക്കും. പ്രിസർവേറ്റീവ്സ് ഉപയോഗിക്കാതെ പരമാവധി ഷെൽഫ് ലൈഫ് കിട്ടാൻ ഗവേഷണങ്ങൾ നടത്തി. ഇടിയൻ ചക്കയ്ക്ക് പറ്റിയ ഇനങ്ങൾ തേടിപ്പിടിച്ചാണ് സംഭരണം.
വീടുകൾക്ക് പുറമെ വൻകിട ഹോട്ടലുകൾ, കേറ്ററിങ് യൂണിറ്റുകൾ, ചെറിയ റസ്റ്റോറൻറുകൾ എല്ലാം ഉത്പന്നം വാങ്ങുന്നു.ഐടി കമ്പനികളിലെ കഫെകളിലും നവിൻ്റെ ഉത്പന്നങ്ങളെത്തി. ബംഗലുരു, മംഗലാപുരം, ചെന്നൈ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വിപണനം. ബംഗലുരുവിൽ മാത്രം 150 ഹോട്ടലുകൾ നവീൻ്റെ ഉത്പന്നം വാങ്ങുന്നു.
കൊറോണക്കാലത്ത് ബിസിനസ്സിൻ്റെ 80 ശതമാനവും ഓൺലൈനായി. സ്റ്റാർട്ടപ്പ് ഇന്ത്യ, കർണ്ണാടക സ്റ്റാർട്ടപ്പ്, കേന്ദ്ര വാണിജ്യ മന്ത്രാലയം, നീതി അയോഗ്, അടൽ ഇന്നവേഷൻ മിഷൻ , ഐസിഎആർ എന്നീ ഏജൻസികളുടെ കലവറയില്ലാത്ത പിന്തുണ കിട്ടിയെന്ന് നവീൻ പറയുന്നു.
നവീൻ്റെ കഥ ഏവർക്കും പ്രചോദനമാണ്. തൊടിയിലെ കുലച്ച വാഴകളിലും വെറുതെ വീണു പോകുന്ന ചക്കകളിലും ഒക്കെ നിങ്ങളുടെ തലവര മാറ്റാനുള്ള വഴിയുണ്ടെന്ന് ഓർക്കുക കൂട്ടരെ. വല്ലപ്പോഴും തൊടിയിലേക്കിറങ്ങി കണ്ണു തുറന്ന് ഇതൊക്കെ കാണൂ.