തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പരിശോധനകളും നാളെ മുതൽ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വളരെ അത്യാവശ്യഘട്ടങ്ങളിലുള്ള യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിൻ്റെ ഓൺലൈൻ ഇ പാസിന് അപേക്ഷിക്കാവൂവെന്നും അദ്ദേഹം നിർദേശിച്ചു. സത്യവാംങ്മൂലം ദുരൂപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അവശ്യവിഭാഗത്തിൽപ്പെട്ടവർക്ക് സാധുതയുള്ള തിരിച്ചറിയൽ കാർഡ് ഉള്ള പക്ഷം വേറെ പാസിൻ്റെ ആവശ്യമില്ല. വീട്ടുജോലിക്കാർ, ഹോം നേഴ്സ് എന്നിവർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം.മരുന്ന്, ഭക്ഷ്യവസ്തുക്കൾ വാങ്ങൽ മുതലായ വളരെ അത്യാവശ്യ കാര്യങ്ങൾക്ക് സത്യവാംഗ്മൂലം മതിയാകും. അവശ്യവിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് കരുതണം.
ഇ പാസിന് ഞായറാഴ്ച 1.75 ലക്ഷം ആളുകൾ അപേക്ഷിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പോലീസിൻ്റെ ഇ പാസിനായി അപേക്ഷിച്ചത്. ഇതിൽ 15,761 പേർക്ക് യാത്രാനുമതി നൽകി. 81,797 പേർക്ക് അനുമതി നിഷേധിച്ചു.
77,567 അപേക്ഷകൾ പരിഗണനയിലാണ്. അപേക്ഷകൾ തീർപ്പാക്കാനായി 24 മണിക്കൂറും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു.