ഹിമാന്ത ബിശ്വശര്‍മ്മ പുതിയ അസാം മുഖ്യമന്ത്രി; ഇന്ന് അധികാരമേൽക്കും

ഗുഹാവത്തി: അസാമിലെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമാന്ത ബിശ്വ ശര്‍മ്മ ഇന്ന്അധികാരമേല്‍ക്കും. ഗുവാഹത്തിയില്‍ നടന്ന നിയമസഭാ പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശര്‍മയുടെ ശര്‍മ്മയുടെ പേര് അംഗീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനമായത്. നിലവില്‍ മുഖ്യമന്ത്രിയായിരുന്ന സര്‍ബാനന്ദ സോനോവാളും ശര്‍മ്മയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു.

തീരുമാനം വന്നതിന് പിന്നാലെ 52 കാരനായ ശര്‍മ്മ ഗവര്‍ണര്‍ ജഗദീഷ് മുഖിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കും.ഇന്നലെ ഉച്ചയ്ക്ക് സോനോവാള്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയമാവര്‍ത്തിച്ച ബിജെപിയ്ക്ക് 126 അംഗ അസംബ്ലിയില്‍ 60 സീറ്റുകളും സഖ്യകക്ഷികളായ എജിപിക്ക് ഒമ്പത് സീറ്റുകളും യുപിപിഎലിന് ആറ് സീറ്റുകളും ലഭിച്ചു.

വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്നു സോനോവാള്‍. 2016 നിയമസഭാ തെരഞ്ഞെടുപ്പിലൂടെയാണ് സോനോവാള്‍ മുഖ്യമന്ത്രിയായി അദികാരമേറ്റത്. തെരഞ്ഞെടുപ്പിനുശേഷം അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിക്കുമെന്നായിരുന്നു ബിജെപി നിലപാട്.