പെരുന്നാൾ വേണ്ടെന്നു വച്ച് കൊറോണ സെന്ററിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി എടത്വ പള്ളി

എടത്വ:പെരുന്നാൾ വേണ്ടെന്ന് വച്ചതിന് പിന്നാലെ ഡൊമിസലറി കൊറോണ സെന്ററിന് അടിസ്ഥാന സൗകര്യങ്ങളും സഹായവും നൽകി എടത്വ പള്ളി മാതൃകയാകുന്നു. ഡൊമിസലറി കൊറോണ സെന്റര്‍ എടത്വായില്‍ പ്രവര്‍ത്തന സജ്ജമായി.എടത്വ സെന്റ് അലോഷ്യസ് കോളേജ് ആഡിറ്റോറിയത്തിലാണ് ഡൊമിസലറി കൊറോണ സെന്റര്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എടത്വാ സെൻ്റ് ജോർജ്ജ് ഫെറോനാ പാരിഷ് കമ്മറ്റിയുടേയും ഇടവക കുടുബത്തിൻ്റെയും പൂർണ്ണ പിൻന്തുണയും പ്രാർത്ഥനാ സഹായങ്ങളും ഉണ്ടാകുമെന്ന് സെൻ്റ് ജോർജ്ജ് ഫോറോനാ പള്ളി വികാരി ഫാ.മാത്യൂ ചൂരവടി അറിയിച്ചു.

ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളിയിലെ പെരുന്നാൾ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 212 വര്‍ഷത്തിനിടയിൽ ആദ്യമായി ഇത്തവണ ഉപേക്ഷിച്ചിരുന്നു.

പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടങ്ങൾ ഉൾകൊണ്ട് ചരിത്രത്തിൽ ആദ്യമായി 2017ൽ തിരുനാൾ നടത്തിയതിന് സർക്കാരിൻ്റെ ഗ്രീൻ പ്രോട്ടോക്കോൾ പുരസ്ക്കാരവും ലഭിച്ചിരുന്നു. 2017ൽ പതിനായിരകണക്കിന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി തിരുനാൾ പതാക ഉയർത്തിയത് പ്ലാസ്റ്റിക്ക് കയറിന് പകരം പട്ടുനൂലിൽ തീർത്ത കയറിൽ ആയിരുന്നു.പ്ലാസ്റ്റിക്ക് കുപ്പികൾക്കു പകരം കുടിവെള്ള വിതരണം ജപമാല വീഥികളിൽ സ്ഥാപിച്ച മൺകൂജകളിലും ഭക്ഷണം വിതരണം ചെയ്തത് പാള കൊണ്ട് തീർത്ത പാത്രങ്ങളിലും ആയിരുന്നു.

മായവും വിഷകരമായ രാസ പദാർത്ഥങ്ങൾ ചേർക്കാത്തതും ഗുണനിലവാരമുള്ള സാധനങ്ങൾ കടകളിലൂടെ വിൽക്കുന്നത് ഉറപ്പു വരുത്തുവാൻ പ്രത്യേക സംഘം ഉണ്ടായിരുന്നു. തിരുനാൾ ഭാരവാഹികൾ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ,വിവിധ സർക്കാർ വകുപ്പ് അധിക്യതർ , സന്നദ്ധ സംഘടന പ്രതിനിധികൾ, മാതൃ വേദി, പിതൃവേദി പ്രവർത്തകർ ,വിമുക്തഭടന്മാരുടെ കർമ്മ സേന എന്നിവരടങ്ങിയ തിരുനാൾ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

അന്യ സംസ്ഥാനങ്ങളിലെ തീർത്ഥാടകർ ഉൾപ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും അരക്കോടിയോളം വിശ്വാസികൾ പെരുന്നാളിന് എത്താറുണ്ട്. കഴിഞ്ഞ വർഷം ലോക് ഡൗൺ പ്രോട്ടോക്കോൾ പാലിച്ച് ഭക്തിനിർഭരമായി തിരുന്നാൾ നടത്തിയിരുന്നു.