തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാനുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ രാജിസന്നദ്ധത കേന്ദ്രനേതൃത്വം തള്ളി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യവിമർശനം തടഞ്ഞ നേതൃത്വം, സംസ്ഥാനതല പരിപാടികൾ തൽക്കാലം വേണ്ടെന്നും നിർദേശിച്ചു. സംസ്ഥാനത്തെ പാർട്ടി പ്രവർത്തനം നേരിട്ട് നിയന്ത്രിക്കുമെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നൽകുന്നത്.
നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് നാടിളക്കി പ്രചാരണം നടത്തിയിട്ടും ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അധ്യക്ഷസ്ഥാനം ഒഴിയാൻ സുരേന്ദ്രൻ സന്നദ്ധത പ്രകടിപ്പിച്ചത്. അത് തൽക്കാലം വേണ്ടെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളുടെ കാര്യങ്ങൾ പരിശോധിച്ചശേഷം തീരുമാനമെടുക്കും.
പ്രതിഷേധ പരിപാടികൾ നടത്തുകയാണെങ്കിൽ ജില്ല തലങ്ങളിൽ മതിയെന്നും സംസ്ഥാന നേതൃത്വത്തിൽ കീഴിൽ തൽക്കാലം പരിപാടികളൊന്നും വേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് ബംഗാളിലെ ബിജെപി പ്രവർത്തകർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജില്ലതലങ്ങളിൽ മാത്രം പരിപാടികൾ നടന്നത്.