തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ ആംബുലൻസ് ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതല്ലെങ്കിൽ രോഗികളെ കിടത്തിക്കൊണ്ടുപോകാൻ കഴിയുന്ന മറ്റു വാഹനങ്ങൾ തയ്യാറാക്കണമെന്നും അദ്ദേഹം അറിയിച്ചു. വാർഡ് തല സമിതികൾ പലയിടത്തും നിർജ്ജീവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാർഡ് തല സമിതികൾക്കാണ് കൊറോണ പ്രതിരോധത്തിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുക. ഈ സമിതികൾ വീടുകൾ സന്ദർശിച്ച് അവസ്ഥകൾ വിലയിരുത്തണം. കുടുംബശ്രീ അംഗങ്ങൾ, സർക്കാർ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെ ചേർത്താണ് വാർഡ് തല സമിതി രൂപീകരിക്കേണ്ടത്. വാർഡ് മെമ്പറായിരിക്കണം അതിന്റെ അധ്യക്ഷൻ.
പഞ്ചായത്തുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ കഴിയുന്ന കൊറോണ കൺട്രോൾ റൂമുകൾ തുറക്കണം. പ്രാഥമിക വൈദ്യ സഹായം നൽകാൻ മെഡിക്കൽ ടീമിനെ സജ്ജീകരിക്കണം. ഒന്നിലധികം ടീമുകളെ സജ്ജമാക്കാൻ ശ്രമിക്കണം. കൊറോണ ചികിൽസ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും ഇവിടെ നിന്നും ലഭ്യമാവണം. പ്രാദേശികമായി ഡോക്ടർമാരെ ഇതിനായി പ്രയോജനപ്പെടുത്തണം. വാക്‌സിനേഷന് 18-45 പ്രായക്കാരായ വാർഡു തല സമിതി അംഗങ്ങൾക്ക് മുൻഗണന നൽകും. നഗരസഭ – പഞ്ചായത്ത് കേന്ദ്രമാക്കി സന്നദ്ധ സേന രൂപീകരിക്കണം.
മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ വാർഡ് തല സമിതികൾ ഒരുക്കണം. വയോജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കണം. നാട്ടിൽ ഭക്ഷണമില്ലാതെ ഒരാളും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാവരുത്. തദ്ദേശ സ്ഥാപനങ്ങൾ സമൂഹ അടുക്കളകൾ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.