ഇന്ത്യയ്ക്കായി മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകളുമായി ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം ഇന്ന് എത്തും

ലണ്ടന്‍ : ഇന്ത്യയ്ക്ക് കൊറോണ പ്രതിസന്ധിയോട് പോരാടാന്‍ യുകെയുടെ സഹായവുമായി ഏറ്റവും വലിയ ചരക്ക് വിമാനം പുറപ്പെട്ടു. 18 ടണ്‍ ഓക്‌സിജന്‍ ജനറേറ്ററുകളും 1,000 വെന്റിലേറ്ററുകളും വഹിച്ചുകൊണ്ട് വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ നിന്നുാമാണ് വെള്ളിയാഴ്ച ചരക്ക് വിമാനം പുറപ്പെട്ടത്.

ഓരോ മൂന്ന് ഓക്‌സിജന്‍ ഉല്‍പാദന യൂണിറ്റുകളും മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നവയാണ്. ഒരു സമയം 50 ആളുകള്‍ക്ക് ഉപയോഗിക്കാന്‍ ഇത് പര്യാപതമാകും.

അന്റോനോവ് 124 എന്ന ചരക്ക് വിമാനം ഇന്ന് വിമാനം ഡെല്‍ഹിയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ, കോമണ്‍വെല്‍ത്ത് ആൻ്റ് ഡെവലപ്മെന്റ് ഓഫീസ് (എഫ്സിഡിഒ) പറഞ്ഞു. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വിമാനത്തില്‍ കയറ്റാന്‍ രാത്രി മുഴുവനും പ്രയത്‌നിച്ച എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് എഫ്‌സിഡിഒ അധികൃതര്‍ നന്ദി അറിയിച്ചു. ഇന്ത്യന്‍ ആശുപത്രികളിലേക്ക് ഉപകരണങ്ങള്‍ മാറ്റാന്‍ ഇന്ത്യന്‍ റെഡ് ക്രോസിന്റെ സഹായവും ലഭിക്കും.

‘വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും ഏറ്റവും മികച്ച ഓക്‌സിജന്‍ ജനറേറ്ററുകള്‍ ഇന്ത്യയിലേക്ക് യുകെ അയയ്ക്കുന്നു. ഈ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയിലെ ആശുപത്രികളെ സഹായിക്കും, അവ ദുര്‍ബലരായ കൊറോണ രോഗികള്‍ക്ക് സഹായകമാകും’ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

കഴിഞ്ഞ മാസവും യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് 200 വെന്റിലേറ്ററുകളും 495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും അയച്ചിരുന്നു. കൂടാതെ വടക്കന്‍ അയര്‍ലന്‍ഡിന്റെ ആരോഗ്യ സേവനവും ഡിഎച്ച്എസ്സി വാഗ്ദാനം ചെയ്യുന്ന 1,000 വെന്റിലേറ്ററുകള്‍ക്കും പുറമെയാണ് എഫ്സിഡിഒയുടെ ഇപ്പോള്‍ ഉള്ള സഹായം.