കർശന നിയന്ത്രണങ്ങൾ; കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗണ്‍ നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനം ഒരിക്കൽ കൂടി നിശ്ചലമായി. സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നു. കൊറോണ വ്യാപനം നിയന്ത്രണാതീതമായതോടെയാണ് 9 ദിവസത്തേക്ക് കേരളം അടച്ചിട്ടത്. അവശ്യ സര്‍വീസുകള്‍ക്കു മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പോലീസ് സേന ജാഗ്രതയോടെ രംഗത്തുണ്ട്.

അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസെടുക്കും. പൊതുഗതാഗതമുണ്ടാവില്ല. എല്ലാതരത്തിലുള്ള കൂട്ടംചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറക്കരുത്. എന്നാല്‍ അവശ്യ വസ്തുക്കളുടെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 6മുതല്‍ വൈകുന്നേരം 7.30വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമാണുണ്ടാവുക. ബേക്കറികള്‍ തുറന്നു പ്രവര്‍ത്തിക്കും.

ജില്ലവിട്ടുള്ള യാത്രകള്‍ ഒഴിവാക്കാന്‍ കഴിയാത്തവര്‍ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയില്‍ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, രോഗിയെ കാണല്‍ എന്നിവയ്ക്കേ സത്യവാങ്മൂലത്തോടെ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. കാര്‍മ്മികത്വം വഹിക്കുന്നവര്‍ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയില്‍ കരുതണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ കൊറോണ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നതും നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ലോക്ക്ഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുത്. വാഹന റിപ്പയര്‍ വര്‍ക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം. ഹാര്‍ബറില്‍ ലേല നടപടി ഒഴിവാക്കേണ്ടതാണ്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നിര്‍മ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസം കരാറുകാരന്‍ നല്‍കണം. ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികള്‍ ഗൃഹ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണം.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ബാങ്കുകള്‍ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ പത്ത് മുതല്‍ ഒന്നു വരെ പ്രവര്‍ത്തിക്കും. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകൾ തുറക്കാം. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കും.

അവശ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്ന് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. കൊറോണ വാക്സിനേഷനു വേണ്ടിയും സ്വന്തം വാഹനങ്ങളില്‍ പോവാം.

വീട്ടു ജോലിക്കാര്‍ക്കും ഹോം നഴ്സുമാര്‍ക്കും യാത്രകള്‍ക്ക് അനുമതിയുണ്ട്. വിമാന സര്‍വീസും ട്രെയിന്‍ സര്‍വീസും ഉണ്ടാകും. സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ഓട്ടോ ടാക്‌സി അവശ്യ സേവനത്തിനു മാത്രം.

മുന്‍ കൂട്ടി നിശ്ചയിച്ച വിവാഹച്ചടങ്ങുകളില്‍ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിക്കാം. ഇതിന് പൊലീസിന്റെ അനുമതി വാങ്ങുകയും ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. മരണാനന്തര ചടങ്ങില്‍ 20 ആളുകള്‍ മാത്രമേ പാടുള്ളു. ആരാധാനലയങ്ങളില്‍ ആരെയും പ്രവേശിപ്പിക്കരുത്. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ലോക്ഡൗണില്‍ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേ കളും തുറക്കാം. ഇലക്ട്രിക്, പ്ലംബിങ് പോലെയുള്ള ടെക്‌നിഷ്യന്‍സിന് പ്രവര്‍ത്തിക്കാം.