കൊച്ചി: കേരളത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ നിലവിൽ വന്നതോടെ സംസ്ഥാനത്ത് ഓടുന്ന ദീർഘദൂര തീവണ്ടികളുൾപ്പെടെ 44 തീവണ്ടികൾ കൂടി റദ്ദാക്കി. ഇതോടെ സംസ്ഥാനത്ത് രണ്ടാഴ്ചക്കിടയിൽ റദ്ദാക്കിയത് 62 തീവണ്ടികളാണ്. ഈ മാസം അവസാനം വരെയാണ് താത്കാലിക റദ്ദാക്കൽ. പരശുറാം, മലബാർ, മാവേലി, അമൃത എന്നിങ്ങനെ വിരലിലെണ്ണാവുന്ന പ്രതിദിന തീവണ്ടികൾ മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്.
തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പർഫാസ്റ്റ് തീവണ്ടികൾ, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, കൊച്ചുവേളി-ഇൻഡോർ, വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവീസുകളും നിർത്തിവെച്ചു.