ന്യൂഡെൽഹി: കൊറോണ വൈറസ് ബാധിച്ചവർക്ക് പെട്ടെന്ന് രോഗശമനമുണ്ടാകാൻ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച മരുന്നിന് അടിയന്തര ഉപയോഗത്തിനായി അനുമതി. 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്നാണ് കൊറോണ രോഗികളിൽ ഉപയോഗിക്കാൻ ഡ്രഗ്സ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.
ഡിആർഡിഒയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസും (ഐഎൻഎംഎസ്) ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലാബുമായി സഹകരിച്ച് വികസിപ്പിച്ച മരുന്നാണ് ഇത്. കൊറോണ വ്യാപനത്തിൽ മരണം കുത്തനെ വർധിക്കുന്നതിനിടെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മരുന്നിന് അനുമതി നൽകിയത്.
കൊറോണ ബാധിതർ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും വളരെ വേഗത്തിൽ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്ന് ലാബ് പരീക്ഷണത്തിൽ വ്യക്തമായിരുന്നു. വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞ് കൂടി വൈറസിന്റെ വളർച്ചയെ മരുന്ന് തടയുന്നുവെന്ന് ഡിആർഡിഒ വ്യക്തമാക്കി.
ഒരു സാഷേയിൽ പൊടി രൂപത്തിലാണ് മരുന്ന് വരുന്നത്. ഇത് വെള്ളത്തിൽ കലക്കി കുടിക്കുകയാണ് വേണ്ടത്.
ഈ മരുന്ന് എളുപ്പത്തിൽ ഉത്പാദിപ്പിക്കാനും വളരെ അളവിൽ ലഭ്യമാക്കാനും കഴിയുമെന്ന് ഡിആർഡിഒ അറിയിച്ചു.