വാഷിംഗ്ടൺ: കൊറോണ വാക്സിന് പേറ്റന്റ് ഒഴിവാക്കാൻ അമേരിക്ക തീരുമാനിച്ചതിനു പിന്നാലെ ഇതിനെ അനുകൂലിച്ച് യൂറോപ്യൻ യൂണിയനും. ഇക്കാര്യത്തിൽ ചർച്ച നടത്താമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി. ന്യൂസീലൻഡും തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്. എന്നാൽ ജർമനി, യുകെ, സ്വിറ്റ്സർലൻഡ്, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പേറ്റന്റ് ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല.
കോടിക്കണക്കിന് ഡോസ് വാക്സിൻ ലോകത്തിലെ വിവിധ രാജ്യങ്ങൾക്ക് ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഉൽപാദനം വർധിപ്പിക്കുന്നതിന് പേറ്റന്റ് എടുത്തുകളയുന്നതിനെക്കുറിച്ച് ആലോചിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ കാര്യക്ഷമമായും പ്രായോഗികമായും അഭിമുഖീകരിക്കുന്നതിനുള്ള ഏത് മാർഗത്തെക്കുറിച്ചും ചർച്ചചെയ്യാൻ തയ്യാറാണെന്നും ഉർസുല വോൺ ഡെർ ലെയെൻ പറഞ്ഞു.
പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തിൽ വാക്സിൻ നിർമാണം വർധിപ്പിക്കും എന്നു കാട്ടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടയ്ക്കു സമർപ്പിച്ച നിർദേശത്തെത്തുടർന്നാണ് അമേരിക്ക ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം എടുത്തത്. ഇക്കാര്യം കഴിഞ്ഞ ദിവസം ബൈഡൻ ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതോടെ പേറ്റന്റ് ഒഴിവാക്കാനുള്ള നടപടികൾ ലോകവ്യാപാര സംഘടനയുടെ പൊതുസമിതിക്ക് വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘടനയുടെ പൊതുസമിതി യോഗം ജനീവയിൽ നടന്നുവരുകയാണ്. 164 അംഗരാജ്യങ്ങളിൽ 100 രാജ്യങ്ങൾ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച സമിതി അടുത്ത മാസം വിഷയം പരിഗണിക്കും.