ന്യൂഡെല്‍ഹി: ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ നടപ്പാക്കുക വഴികൊറോണ മൂന്നാം തരംഗത്തെ നേരിടാന്‍ ആകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ കൊറോണ വൈറസിന്റെ മാരകമായ മൂന്നാം തരംഗത്തെ മറികടക്കാന്‍ ഇന്ത്യയക്ക് കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പള്‍ അഡൈ്വസര്‍ കെ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രാദേശിക തലം മുതല്‍ ജില്ലകള്‍, സംസ്ഥാനങ്ങള്‍ തുടങ്ങി എല്ലായിടത്തും ഫലപ്രദമായ പ്രതിരോധം നടപ്പാക്കുകയാണ് ആവശ്യം. ഇതിനെ ആശ്രയിച്ചായിരിക്കും രാജ്യത്ത് മൂന്നാം തരംഗത്തിന്റെ വ്യാപന തോതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ രാജ്യത്ത് ഒരിടത്തും കൊറോണ മൂന്നാം തരംഗം സംഭവിക്കില്ല. അദ്ദേഹം പറഞ്ഞു.
കൊറോണ മൂന്നാം തരംഗം രാജ്യത്ത് സംഭവിക്കുമെന്ന് ഉറപ്പാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് എപ്പോൾ സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നുമായിരുന്നു അറിയിച്ചത്.
അതിനിടെ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡെൽഹി, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കൊറോണ കേസുകൾ ക്രമേണ കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദിവസവും 700 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്‌സിജൻ വിതരണം ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കുമെന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഓക്സിജൻ വിതരണത്തിലെ അപര്യാപ്തത സംബന്ധിച്ച് ഡെൽഹി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
കൊറോണ കേസുകളിൽ അഭൂതപൂർവമായ വർധനവ് നേരിടാൻ ഡെൽഹിയിലെ വൻകിട ആശുപത്രികൾ പാടുപെടുന്ന സാഹചര്യത്തിലാണ് ഉത്തരവ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,915 പേർ കൊറോണ ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 2.34 ലക്ഷം കടന്നു. 4.14 ലക്ഷം പേർക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2.14 കോടി കടന്നു. നിലവിൽ 36 ലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. 1.76 കോടി പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.